മികച്ച ഒട്ടേറ കഥാപാത്രങ്ങളുമായി സിനിമാലോകത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയാണ് കനക. സിദ്ദിഖ് സംവിധാനം ചെയ്ത ‘ഗോഡ്ഫാദറി’ലെ മാലു എന്ന കഥാപാത്രം മുതല്‍ ഏഴര പൊന്നാന, വിയത്നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ പുരാണം, പിന്‍ഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള ഒട്ടുമിക്ക സിനിമകളും കനകയുടെ വേഷങ്ങളും വലിയ ഹിറ്റ് ആയിരുന്നു.
2000-ലാണ് കനക അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുന്നത്. കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു. അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചര്‍ച്ചയായി. കാന്‍സര്‍ ബാധിച്ച് കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. സ്വത്തും സമ്പാദ്യവും അച്ഛന്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെയാണ് കനക വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ കനകയുടെ ഏറ്റവും പുതിയ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി കുട്ടി പദ്മിനി.
”ആ പ്രദേശത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്. ദേവിക (കനകയുടെ അമ്മയുടെ പേരാണ് ദേവിക, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ അന്തരിച്ചു) എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടും ഗേറ്റുമെല്ലാം അടച്ചിട്ടിരുന്നു. പക്ഷെ, അകത്ത് ലൈറ്റ് കത്തുന്നുണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, കനക എപ്പോള്‍ വരുമെന്നോ പോകുമെന്നോ ഒന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ്.
അവരുടെ അമ്മ ദേവിക എന്ത് സ്‌നേഹമുള്ള സ്ത്രീയായിരുന്നു. മകള്‍ക്ക് ഈ ഗതി വന്നുവല്ലോ, അവളെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ത്ത് വല്ലാതെ വിഷമിച്ചു പോയി.പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഞാന്‍ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക പറഞ്ഞു.
നിങ്ങളെ എങ്ങനെ മറക്കുമെന്ന് ചോദിച്ച് അവള്‍ റോഡില്‍വെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും ഷോപ്പില്‍ പോയി കോഫി കുടിക്കാന്‍ പോകാം എന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു. ഓട്ടോ വിട്ടിട്ട് എന്റെ കാറില്‍ കയറി. കാര്‍ റിപ്പയര്‍ ആണ് ചേച്ചി അതാ ഇപ്പോള്‍ ഓട്ടോയില്‍ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു.
അവളുടെ വീട്ടില്‍ ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളോട് പെട്ടെന്ന് ഈ പഴയ കാര്‍ ഒക്കെ കൊടുത്ത് പുതിയ കാര്‍ വാങ്ങാന്‍ പറഞ്ഞു. കോഫീ ഷോപ്പില്‍ പോയി കോഫീ ഒക്കെ കുടിച്ച് എന്നോട് കുറെ സമയം സംസാരിച്ചു. നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു. ഞാന്‍ പൈസ കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല. അവള്‍ തന്നെ കൊടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു