കൊച്ചി: നവകേരള സദസിനായി വിദ്യാർഥികളെ എത്തിച്ചതിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. കുട്ടികൾ കാഴ്‌ച വസ്തുക്കളല്ലെന്നും എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് പറഞ്ഞു. ഹെഡ് മാസ്റ്റർമാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമർശിച്ചു. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സർക്കാരിൻ്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് നൽകിയ ഉപഹർജിയിലാണ് കോടതിയുടെ പരാമർശങ്ങൾ.
മലപ്പുറത്ത് നവകേരള സദസിന് വേണ്ടി വിദ്യാർഥികളെ അണിനിരത്തിയ ദൃശ്യങ്ങളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉപഹർജി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളെ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്കൂറോളം റോഡിരികില്‍ നിര്‍ത്തി.
സ്കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ ചൂഷണം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമര്‍ശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ കുട്ടികളെ റോഡിലിറക്കി നിര്‍ത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു