തിരുവനന്തപുരം: ഐ എഫ് എഫ് കെ യുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2023 നവംബര്‍ 28ന് (ബുധന്‍) ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ ഒന്‍പതു മുതല്‍ 15 വരെയാണ് മേള നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി നിശ്ചിത ശതമാനം പാസ്സുകള്‍ ആണ് മാറ്റിവെച്ചിട്ടുള്ളത്.
മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പാസ്സുകള്‍ അനുവദിക്കുന്നത്. മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പണമടച്ചു മീഡിയ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡുകള്‍ ആണ് നല്‍കുന്നത്. ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല.
അതേസമയം, ബ്യൂറോ മേധാവികള്‍ ലെറ്റര്‍ പാഡില്‍ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാസെല്ലില്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകള്‍ നല്‍കുകയുള്ളൂ. ലിസ്റ്റില്‍ പറയുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കണം. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രൊഫൈല്‍ നമ്പറും ചേര്‍ത്തുവേണം അപേക്ഷിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു