കൊച്ചി: ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് കേരളം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന വാര്‍ത്ത എത്തിയത്. അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്ന് കളഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിക്കുകയായിരുന്നു. പൊലിസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ഇതേ സമയം കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയുകയാണ് ഷെയ്ന്‍ നിഗം. കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് പറഞ്ഞാണ് ഷെയ്ന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു എന്നും ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് ഷെയ്ന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കുട്ടിയെ കാണാതായത് മുതല്‍ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കള്‍ക്കും സഹോദരനും ഇപ്പോള്‍ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു