കൊട്ടാരക്കര: കുട്ടിയ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് എത്തിയ കോൾ സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കൊട്ടാരക്കര എംഎൽഎ ഗണേഷ് കുമാര്‍. അത് പരിശോധിച്ച് വരികയാണ്. ഫോൺ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധനകൾ നടക്കുകയാണ്. ഡിവൈഎസ്പിയും എസ്പിയും സ്റ്റേഷനിൽ തന്നെയുണ്ടെന്നു ഗണേഷ് പറഞ്ഞു.
“വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫോൺ കോൾ വന്നത്. വ്യാപകമായ അന്വേഷണവും പരിശോധനകളും നടക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ വാഹനത്തെ കുറിച്ച് സൂചനയുണ്ട്. അതിന് പിന്നിൽ ഒരു സംഘം പൊലീസുണ്ട്. ഞാൻ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. എസ്പിയുമായി സംസാരിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.
4.45 -ഓടെ തട്ടിക്കൊണ്ടപോയ സംഭവം ഉണ്ടായി അഞ്ച് മണിയോടെ ഞാൻ അറിഞ്ഞു. തുറവുഞ്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളിച്ചിരുന്നു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞു. അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എസ്പിഎയേയും ഡിവൈഎസ്പിയേയും വിളിച്ച് അലര്‍ട്ട് ചെയ്തിരുന്നു. അപ്പോൾ തന്നെ എസ്ഐ അന്വേഷണത്തിന് പോയതായി പറഞ്ഞിരുന്നു. അഞ്ചേകാലോടെ തന്നെ പൊലീസ് അലര്‍ട്ടായിരുന്നു. എല്ലായിടത്തേക്കും വയര്‍ലെസ് സന്ദേശം കൈമാറിയിരുന്നു. സഹോദരൻ പറയുന്നത് വണ്ടി അവിടെ പാര്‍ക്ക് ചെയ്തിരുന്നു എന്നാണ്. എന്നിട്ടും ആ കുട്ടിയെ പിടിക്കാതെ ചെറിയ കുട്ടിയെ മാത്രമാണ് പിടിച്ച് കൊണ്ടുപോയത്. വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ വലിയ ക്രിമിനലായിരിക്കും അത്. അല്ലാതെ പിഞ്ചുകുഞ്ഞിനോട് അങ്ങനെ കാണിക്കാനാകില്ല.”- ഗണേഷ് പറഞ്ഞു.
6 വയസ്സുകാരിക്കായി സംസ്ഥാനം മുഴുവൻ പരിശോധന നടത്താൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ത്വരിതഗതിയിൽ നടക്കുകയാണ്. കാണാതായ 6 വയസ്സുകാരിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നിൽ 4 അംഗ സംഘമാണെന്നാണ് സൂചന. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.
ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു