50 ശതമാനം സംവരണത്തിന് വനിതകള്‍ക്ക് അര്‍ഹതയുണ്ട് : അഡ്വ. പി. സതീദേവി

അന്‍പതു ശതമാനം സംവരണത്തിന് വനിതകള്‍ക്ക് അര്‍ഹതയുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ വനിതാ കമ്മിഷനും സുശീല ഗോപാലന്‍ സ്മാരക സ്ത്രീ പദവി നിയമ പഠന കേന്ദ്രവും (എസ് ജി എല്‍ എസ്) തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

 
75 വര്‍ഷം ഇന്ത്യക്കാര്‍ ഭരിച്ചിട്ടു പോലും ഭരണഘടന വിഭാവനം ചെയ്ത തുല്യതയുടെ സാമൂഹിക സാഹചര്യം യാഥാര്‍ഥ്യമായിട്ടില്ല. ഏറ്റവും മഹത്തായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തേത്. ഭരണഘടനാ നിര്‍മാണ സഭയിലെ 15 വനിതകളില്‍ 3 പേര്‍ മലയാളികളാണെന്ന് നാം അഭിമാനപൂര്‍വം പറയുന്നു. നമ്മുടെ ഭരണഘടന സമര്‍പ്പിച്ചിരിക്കുന്നത് ജനങ്ങള്‍ക്കായാണ്.
ഏഴര പതിറ്റാണ്ടിനു ശേഷവും മൂന്നിലൊന്ന് സംവരണം ലഭ്യമാക്കുന്നതിന് മാത്രമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതു തന്നെ എന്നു നടപ്പാക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. മണ്ഡല പുനസംഘടനയും ജനസംഖ്യാ കണക്കെടുപ്പും കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാകും ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ള മൂന്നിലൊന്ന് സംവരണം തന്നെ നടപ്പാക്കുക. തുല്യ നീതി വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ അന്തസത്തയോടു നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
സ്ത്രീപക്ഷ സംസ്ഥാനമാക്കി കേരളത്തെ മാറ്റണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സ്ത്രീ വിരുദ്ധ മനോഭാവം സമൂഹത്തിന്റെ പൊതുബോധത്തില്‍ നില നില്‍ക്കുന്നുണ്ട്. ഇതിനു മാറ്റമുണ്ടാക്കാനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കുന്നത്. സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ നടപടികള്‍ എടുത്തെങ്കിലേ പരിരക്ഷ പൂര്‍ണമാകുവെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതി സ്വീകരിച്ച് നടപടി വേഗമാക്കുന്നതിന് വനിതാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നിയമപരിരക്ഷയും എന്ന വിഷയം അവതരിപ്പിച്ച ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് മെറിന്‍ ജോസഫ് പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗും ലഭ്യമാക്കുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളിലും വനിതകളുടെ പരാതികള്‍ പരിശോധിക്കുന്നതിന് ആഭ്യന്തര സമിതി രൂപീകരിച്ചിരിക്കണമെന്നും എസ്പി പറഞ്ഞു.
സ്ഥാപനങ്ങളില്‍ വനിതകളുടെ പരാതി പരിശോധിക്കുന്നതിന് ആഭ്യന്തര സമിതി രൂപീകരിച്ചിട്ടില്ലെങ്കില്‍ 50000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ഭരണഘടനയും സ്ത്രീസംരക്ഷണ നിയമങ്ങളും എന്ന വിഷയം അവതരിപ്പിച്ച കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അഡ്വ. പാര്‍വതി മേനോന്‍ പറഞ്ഞു. ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാം. സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നല്ല രീതിയില്‍ നടപ്പാക്കണം. പ്രതികരണ ശേഷിയുടെ പേരില്‍ നിയമ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും അഡ്വ. പാര്‍വതി മേനോന്‍ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് ജി എല്‍ എസ് പ്രസിഡന്റ് അഡ്വ. സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. എസ്.ജി.എല്‍.എസ് സെക്രട്ടറി ഡോ. ടി. ഗീനാകുമാരി, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News