ദുബൈ: വീണ്ടും ലോകാത്ഭുതം തീർത്ത് ദുബൈ! അത്ഭുതങ്ങളുടെ നഗരമായ ദുബൈയിൽ ദുബൈ റണ്ണിലൂടെ വീണ്ടുമൊരു അതിശയം പിറന്നിരിക്കുന്നു. അക്ഷരാർഥത്തിൽ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ചക്കാണ് ഞായറാഴ്ച രാവിലെ ദുബൈ സാക്ഷ്യം വഹിച്ചത്. എല്ലാ റെക്കോഡുകളും തിരുത്തിക്കുറിച്ച് ആൾക്കടൽ ഒഴുകിയെത്തിയപ്പോൾ നഗരം ‘ഓറഞ്ചുപട’യാൽ നിറഞ്ഞു. ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപന പരിപാടിയായ ദുബൈ റൺ രാവിലെ 6.30ന് ഫ്യൂചർ മ്യൂസിയത്തിന് സമീപത്തുവെച്ചാണ് ആരംഭിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നിൽനിന്നു നയിച്ച റണ്ണിൽ ഇത്തവണ 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. കാമറക്കണ്ണുകൾക്ക് ഒപ്പിയെടുക്കുന്നത് അസാധ്യമാകുംവിധം നീളമേറിയതായിരുന്നു റൺ നിര.
5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ‘ഫൺ റൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിപാടിയിൽ കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തിരുന്നത്. ഇത്തവണ റെക്കോഡ് മറികടക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ തെറ്റിച്ച ആൾക്കൂട്ടമാണെത്തിയത്. പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവദിച്ചത്. ഇവർക്കുള്ള ബിബ് വിതരണം നേരത്തേ നടത്തിയിരുന്നു. ഇത്തവണ ഓറഞ്ച് നിറത്തിലുള്ള ടീഷർട്ടാണ് സംഘാടകർ ഒരുക്കിയത്.
ദുബൈ റൺ ശൈഖ് സായിദ് റോഡിലൂടെ കടന്നുപോകുന്നതിന്റെ ആകാശദൃശ്യം
റൺ വേദിയിലേക്ക് പുലർച്ചെ 3.30 മുതൽ പങ്കെടുക്കുന്നവർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ 6.30 മുതലാണ് ഒാട്ടം തുടങ്ങിയത്. ഈ സമയം ശൈഖ് സായിദ് റോഡിൽ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അഞ്ച്, പത്ത് കിലോമീറ്റർ ഓട്ടം തുടങ്ങിയത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ്. അഞ്ചു കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ബുർജ് ഖലീഫയും ദുബൈ ഓപറയും കടന്ന് ദുബൈ മാളിനടുത്ത് അവസാനിച്ചു. എല്ലാ പ്രായത്തിലുള്ളവർക്കും യോജിച്ച റൂട്ടെന്ന നിലയിൽ കുടുംബങ്ങളും കുട്ടികളും അടക്കമുള്ളവർ ഇതിൽ പങ്കാളികളായി. 10 കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ദുബൈ കനാൽ പാലം കടന്ന്, തുടർന്ന് ശൈഖ് സായിദ് റോഡിലൂടെ ചുറ്റി ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിലാണ് അവസാനിച്ചത്. റണ്ണിന് എത്തിച്ചേരുന്നവർക്കായി ദുബൈ മെട്രോ പുലർച്ചെ മൂന്നുമുതൽ സർവിസ് ആരംഭിച്ചിരുന്നു. പരിപാടിക്കെത്തുന്നവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഒരുമാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷന് ദുബൈ റണ്ണോടെ സമാപനമായി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് നടക്കുന്നത്. ശൈഖ് ഹംദാൻ 2017ൽ തുടക്കംകുറിച്ച സംരംഭമാണിത്. ഒരുമാസം നീണ്ടുനിൽക്കുന്ന, 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയും ഇതുവഴി വ്യായാമം ശീലമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു