വിപണികള്‍ ഉത്സാഹത്തോടെ പുതിയ ആഴ്ചയിലേക്കു കടക്കും എന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെെനയിലെ ഒരു വലിയ ബാങ്കിതര ധനകാര്യ കമ്പനി തകര്‍ച്ചയിലായത് ഏഷ്യൻ വിപണികളെ തളര്‍ത്തി.ഡോളര്‍ ദുര്‍ബലമായതു മൂലം സ്വര്‍ണവില കയറി.
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യൻ വിപണികള്‍ക്ക് അവധിയാണ്. നാളെയേ ഓഹരികള്‍, ഡെറിവേറ്റീവുകള്‍, ഉല്‍പന്ന ഡെറിവേറ്റീവുകള്‍, കറൻസികള്‍ തുടങ്ങിയവയുടെ വ്യാപാരം ആരംഭിക്കൂ. ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,878-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,865 ലേക്കു താഴ്ന്നു.
വ്യാഴാഴ്ച ജൂലൈ – സെപ്റ്റംബര്‍ പാദത്തിലെ ജി.ഡി.പി വളര്‍ച്ചക്കണക്ക് പുറത്തു വരുന്നതാണ് ഈയാഴ്ച ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന പ്രധാന സംഭവം. 6.5 ശതമാനം വളര്‍ച്ച റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നു. എന്നാല്‍ പിന്നീടു റിസര്‍വ് ബാങ്ക് തന്നെ വളര്‍ച്ച അതിലും കൂടുതലാകുമെന്ന് പറഞ്ഞു. വിവിധ ഏജൻസികളുടെ വിലയിരുത്തല്‍ ഏഴ് ശതമാനം വളര്‍ച്ചയാണ്.
read also:ചെറുകിട സംരംഭകരുടെ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആമസോണും ഡിജിഎഫ്ടിയും ധാരണയില്‍
യൂറോപ്യൻ വിപണികള്‍ വെള്ളിയാഴ്ച ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ജര്‍മനിയുടെ സെപ്റ്റംബര്‍ പാദത്തിലെ ജി.ഡി.പി വളര്‍ച്ച 0.8 ശതമാനം കുറവായി. അതേ സമയം ജര്‍മൻ വ്യവസായികളുടെ പ്രതീക്ഷാ സൂചിക ഗണ്യമായ ഉയര്‍ച്ച കാണിച്ചു.
ഈയാഴ്ച പാര്‍പ്പിട വില്‍പന കണക്കുകളും ഫാക്ടറി പ്രവര്‍ത്തന സര്‍വേ ഫലങ്ങളും വരാനുണ്ട്. ഫെഡ് തീരുമാനങ്ങള്‍ക്ക് ആധാരമാക്കുന്ന പേഴ്സണല്‍ കണ്‍സംഷൻ എക്സ്പെൻഡിച്ചര്‍ (PCE) വ്യാഴാഴ്ച പുറത്തു വരും. ഇന്ധന-ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള ഒക്ടോബറിലെ കാതല്‍ പി.സി.ഇ 3.5 ശതമാനം ആകുമെന്നാണു നിഗമനം. സെപ്റ്റംബറില്‍ 3.7 ശതമാനമായിരുന്നു. ഇതിലെ പ്രതിമാസ വര്‍ധന 0.2 ശതമാനമായി കുറയുമെന്നും പ്രതീക്ഷയുണ്ട്. അങ്ങനെയായാല്‍ ഫെഡ് ലക്ഷ്യമിടുന്ന രണ്ടു ശതമാനം വിലക്കയറ്റ നിരക്ക് സമീപസ്ഥമായി എന്നു കരുതാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു