കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ആദ്യ സൗജന്യ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ്(ജിപിയു) ടിങ്കര്‍സ്പേസില്‍ ആരംഭിച്ചു. ടിങ്കര്‍ഹബ് ഫൗണ്ടേഷന്‍ കൊച്ചിയില്‍ നടത്തിയ ദി ഫര്‍തര്‍ 2023 ജനറേറ്റീവ് എഐ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. എല്ലാവര്‍ക്കും ടെക്നോളജി എന്ന പ്രമേയത്തില്‍ പ്രവര്‍ത്തിക്കുന്ന ടിങ്കര്‍ സ്പേസ് ഒരുക്കിയ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ജെനറേറ്റീവ് എഐയെക്കുറിച്ച് കൂടുതലറിയാന്‍ എത്തിയിരുന്നു.
എന്‍വിഡ എഡിഎ ലവ്ലേസ് ആര്‍ക്കിടെക്ച്ചറിലാണ് അത്യാധുനിക രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ജിപിയു ഒരുക്കിയിരിക്കുന്നത്. 20 ജിബി ഗ്രാഫിക്സ് മെമ്മറി, മൂന്നാം തലമുറ ആര്‍ടി കോര്‍സ്, നാലാം തലമുറി ടെന്‍സര്‍ കോര്‍സ്, നെക്സ്റ്റ് ജെന്‍ സിയുഡിഎ കോര്‍സ് എന്നിവ ഇതിലുണ്ട്. ആര്‍ടിഎക്സ് 4000 എസ് എഫ്എഫ് എന്ന ഈ സംവിധാനം എഐ, ഗ്രാഫിക്സ്, തുടങ്ങിയവയില്‍ മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു.
തുടക്കത്തില്‍ വീഡിയോ ഗെയിമിനു വേണ്ടി രൂപകല്‍പ്പന ചെയ്തിരുന്ന ജിപിയു സംവിധാനം ഇന്ന് നിര്‍മ്മിത ബുദ്ധി, മെഷീര്‍ ലേണിംഗ് എന്നിവയില്‍ വളരെ ഫലപ്രദമാണ്. സങ്കീര്‍ണമായ ഗണനത്തിലും വലിയ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതിലും ഏറെ നിര്‍ണായകമാണിത്. നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ്, ഇമേജ് റെക്കഗനിഷന്‍ എന്നിവയിലെല്ലാം ജിപിയു പ്രയോജനപ്പെടുന്നു. പരീക്ഷണത്തിനും വിജ്ഞാന സമ്പാദനത്തിനുമായി അതിശക്തമായ ജിപിയു എളുപ്പത്തില്‍ ലഭിക്കുകയെന്നത് കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണെന്ന് ടിങ്കര്‍ഹബ് ബോര്‍ഡിന്‍റെ പ്രസിഡന്‍റും ക്ലസ്റ്റര്‍ഡെവിന്‍റെ സഹസ്ഥാപകനുമായ സനീം പെരിങ്കടക്കാട്ട് പറഞ്ഞു. സൗജന്യവും പൊതുജനത്തിന് ലഭ്യവുമായ ആദ്യ ജിപിയു എന്ന രീതിയില്‍ ഇത് ചരിത്രത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സമത്വത്തിനും സാങ്കേതിക ജനാധിപത്യത്തിനും സൗജന്യ ജിപിയു സുപ്രധാന കാല്‍വയ്പാണെന്ന് ടിങ്കര്‍ഹബിലെ എഐ ഗവേഷകന്‍ സിറില്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. നിര്‍മ്മിത ബുദ്ധിയിലും ഗവേഷണത്തിലും അടുത്ത തലമുറ സംവിധാനങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.നൂതനത്വവും പ്രായോഗിക വിജ്ഞാനവും നേടുന്നതില്‍ കേരളം കാട്ടുന്ന പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഫര്‍തര്‍ സമ്മേളനത്തിന്‍റെ പരിണിതഫലം. സാങ്കേതിക വിദഗ്ധര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വിജ്ഞാനത്തിനും പ്രായോഗിക പരിശീലനത്തിനും ഇത് ഏറെ സഹായിക്കും.
കളമശേരിയിലെ ടിങ്കര്‍സ്പേസില്‍ നടന്ന ഫര്‍തര്‍ സമ്മേളനത്തില്‍ 150 ലേറെ നിര്‍മ്മിതബുദ്ധി ഡെവലപര്‍മാരാണ് പങ്കെടുത്തത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. അഭിരാമി സുകുമാരന്‍(ഗൂഗിള്‍), പ്രസന്ന നായര്‍(ഐഡിയ ട്രൈബ്), അല്‍പന്‍ റാവല്‍(വാധ്വാനി എഐ) തുടങ്ങിയ പ്രമുഖരും, സൈലം എഐ, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേന്ദ്രസര്‍വകലാശാല കേരളം, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുത്തു. നിര്‍മ്മിതബുദ്ധിയിലെ പുത്തന്‍ പ്രവണതകള്‍, ഭാവി സാങ്കേതികവിദ്യ, അവസരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സദസ്സിന് ഇവര്‍ പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നു.