കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ സമൻസിന് അനുമതി നൽകിയത്. ഐസക്കിന് സമൻസ് അയക്കരുതെന്ന മുൻ ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തിയാണ് കോടതിയുടെ നടപടി.
അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇ.ഡി യോട് പറഞ്ഞിരുന്നു. പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്. മസാല ബോണ്ടില്‍ ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസകും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു.
തോമസ് ഐസക്കിനെ ചോദ്യംചെയ്താൽ മാത്രമേ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ എന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടർന്നാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഐസക്കടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
നേരത്തെ, തോമസ് ഐസക്കിന് നൽകിയ സമൻസിൽ വ്യക്തിപരമായ വിവരങ്ങൾ തേടിയ ഇ.ഡി നടപടിയിൽ ഹെെക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ സമന്‍സ് നല്കാന് തയ്യാറാണെന്ന് ഇ.ഡി കോടതിയെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽതന്നെ തോമസ് ഐസക്കിന് സമൻസ് അയക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന വിവരം.
പുതിയതായി അയക്കുന്ന സമൻസിന്റെ കാര്യത്തിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ തോമസ് ഐസക്കടക്കമുള്ളവർക്ക് കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ഹെെക്കോടതി കേസ് വീണ്ടും പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു