റായ്പുർ∙ 508 കോടി രൂപയുടെ മഹാദേവ് വാതുവയ്പ് ആപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഡ്രൈവർ അസിം ദാസ് നൽകിയ മൊഴി പിൻവലിച്ചു. ‘ബലിയാടാക്കപ്പെടുന്നു’ എന്നു പറഞ്ഞാണ് മൊഴി പിൻവലിച്ചത്.
തന്നെ പ്രതിക്കൂട്ടിലാക്കുകയും മൊഴിയിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ദാസ് കോടതിക്ക് കത്തഴുതിയിരുന്നു. നേരത്തേ, ആരോപണങ്ങൾ നിഷേധിച്ച ബാഗേൽ ബിജെപിയും ഇഡിയും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു. സർക്കാരിനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടിയെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാലു ദിവസം മുൻപ് നവംബർ 3ന്, അസിം ദാസിന്റെ കാറിൽനിന്ന് 5.39 കോടി രൂപ പിടിച്ചെടുത്ത ഇഡി, അസിം ദാസിനെയും കോൺസ്റ്റബിൾ ഭീം സിങ് യാദവിനെയും (41) അറസ്റ്റ് ചെയ്തു. കേസിൽ കുറ്റാരോപിതനായ ശുഭം സോണിയുടെ നിർദ്ദേശപ്രകാരമാണ് റായ്പുരിലെത്തിയതെന്നും കോൺഗ്രസ് പാർട്ടി നേതാക്കൾക്കു തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി പണം കൈമാറാൻ എത്തിയതാണെന്നുമായിരുന്നു അസിം ദാസ് ഇഡിയോടു പറഞ്ഞത്. ഭരണകക്ഷിയുടെ നേതാക്കൾക്കു തുക കൈമാറേണ്ടതായിരുന്നുവെന്ന് അസിം ദാസ് തങ്ങളോടു സമ്മതിച്ചതായും പണത്തിന്റെ അന്തിമ സ്വീകർത്താവായി മുഖ്യമന്ത്രി ബാഗേലിന്റെ പേര് പറഞ്ഞതായും ഇഡി കോടതിയെയും അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു