കൊച്ചി: സിപിഐ നേതാവ് ഭാസുരാംഗൻ പ്രതിയായ കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോട്ടിലുളളത്.
തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി പറയുന്നു. ഈൗ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ ലഭിച്ചിട്ട് കാര്യമില്ല. നിലവിൽ ലഭിച്ച രേഖകളും പ്രതികൾ നൽകിയ മൊഴികളും പരിശോധിക്കണം. ഇവ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ അതിനുശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നും ഇ.ഡി പറഞ്ഞു. 15 ദിവസത്തിനകം കസ്റ്റഡിയിൽ ആവശ്യപ്പെടാമെന്നാണ് ഇ.ഡി അറിയിച്ചത്.
മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്. 42 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങി. സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങൾ നിക്ഷേപിച്ചു. മാളവിക എന്റർപ്രൈസ് എന്ന പേരിൽ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും സഹോദരിയിൽ നിന്നും വാങ്ങിയതാണെന്നും അഖിൽജിത്ത് മൊഴി നൽകി.
അതേസമയം, ഭാസുരാംഗനെയും മകനെയും ഡിസംബർ അഞ്ചുവരെ റിമാന്റ് ചെയ്തിട്ടുണ്ട്. കലൂരിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഭാസുരാംഗൻ ചികിത്സയിലായിരുന്നു. ജയിലിൽ മതിയായ ചികിത്സ ലഭിക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ആളാണ്. ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ചികിത്സ ആവശ്യമാണെന്നും ഭാസുരാംഗൻ പറഞ്ഞു.
എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഇ.ഡി വാദിച്ചു. തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതി ഉന്നതസ്വാധീനമുള്ളയാളാണ്. ആശുപത്രി അധികൃതരെ വിലക്കെടുക്കാൻ കഴിവുള്ളയാളാണ്. റിമാന്ഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും ഇ.ഡി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു