മദീന: 35 പുതിയ വിദ്യാഭ്യാസ പദ്ധതികൾ മദീന മേഖലയിൽ ആരംഭിച്ചു. ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ‘വാടക കെട്ടിടങ്ങളില്ലാത്ത ത്വയ്ബ’ പദ്ധതിയുടെ ഭാഗമായി 50 ലക്ഷം റിയാൽ വരെ ചെലവഴിച്ച് നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികളാണിത്. വിദ്യാഭ്യാസമന്ത്രി യൂസഫ് അൽ ബെനിയാന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയത്. ഇത് നടപ്പ് അധ്യയന വർഷത്തിന്റെ പകുതി വരെ വാടക കെട്ടിടങ്ങളുടെ ശതമാനം എട്ടു ശതമാനമായി കുറക്കാൻ സഹായിച്ചു. 2024ഓടെ മദീനയിലെ മേഖലയിൽ വാടക കെട്ടിടങ്ങൾ ഒഴിവാക്കി പൂർണമായും സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളാക്കി മാറ്റാനാണ് പദ്ധതി. 2027 അവസാനത്തോടെ മദീന മേഖലയിലെ മറ്റു ഗവർണറേറ്റുകളിലും പ്രാന്തപ്രദേശങ്ങളിലും ഇതേ നിലപാട് പിന്തുടരാനാണ് പദ്ധതി.
ഉദ്ഘാടനശേഷം ഗവർണർ വിവിധ സ്ഥാപനങ്ങൾ കാണുകയുണ്ടായി. ഭാവി പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം കേട്ടു. ‘വാടക കെട്ടിടങ്ങളില്ലാതെ’ എന്ന സംരംഭം വിജയകരമായി മുന്നേറുന്നുവെന്നും മേഖല ഗവർണറുടെ ശ്രദ്ധയും പിന്തുടരലും ഭരണകൂടത്തിന്റെ പരിധിയില്ലാത്ത സ്പോൺസർഷിപ്പും പിന്തുണയും ലഭിക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിദ്യാർഥികൾ പ്രത്യേക പരിചരണവും ശ്രദ്ധയും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു