തിരുവനന്തപുരം: സംസ്ഥാനത്ത് ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) സ്ഫോടനങ്ങള്‍ നടന്ന സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ അടക്കം രാജ്യത്തെ പല തീവ്രവാദ ഗ്രൂപ്പുകളും ഐഇഡി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരാണ്. അതിനാല്‍ ശക്തമായ പരിശോധന ഉണ്ടാകണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദ ആക്രമണം ഉള്‍പ്പെടെയുള്ള ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് രൂപം കൊടുക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്യുന്നു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തിൽ സ്ഫോടക വസ്തുക്കളോ സ്ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താൻ സാദ്ധ്യതയുണ്ട്.
പല തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരാണ് സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്പോൾ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും നോക്കണം. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
കളമശ്ശേരിയിലെ ഐഇഡി സ്ഫോടനം, മാവോയിസ്റ്റുകളുമായി അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ തുടങ്ങിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അതേസമയം സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് തീപിടിക്കാന്‍ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പും പൊലീസ് നല്കുന്നു. 30 മുതല്‍ 130 എല്‍പിജി സിലിണ്ടറുകള്‍വരെ ചില ഹോട്ടലുകള്‍ സൂക്ഷിക്കുന്നു. അനധികൃത സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ്, തിരക്കു നിയന്ത്രിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ തുറന്ന സ്ഥലം ഉണ്ടാകണം, സന്നിധാനത്തുനിന്ന് പമ്പയില്‍നിന്ന് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഇക്കാര്യങ്ങള്‍ അടുത്ത മണ്ഡല- മകരവിളക്ക് കാലത്തിന് മുമ്പ് നടപ്പിലാക്കണമെന്ന ശുപാര്‍ശയാണ് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു