അൽഖോബാർ: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചക്കിടെ 17,556 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ നിയമം ലംഘിച്ചതിന് 11,219 പേരെയും അതിർത്തി സുരക്ഷാചട്ട ലംഘനത്തിന് 3,782 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,555 പേരെയുമാണ് പിടികൂടിയത്. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 756 പേരിൽ 60 ശതമാനം യമനി പൗരന്മാരും 38 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 38 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 12 പേരെ കസ്റ്റഡിയിലെടുത്തു. ഇതുവരെ 43,975 നിയമലംഘകരെ രേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാറ്റി. യാത്ര റിസർവേഷൻ പൂർത്തിയാക്കാൻ 1,860 പേരെ മാറ്റുകയും 10,636 പേരെ നാടുകടത്തുകയും ചെയ്തു. ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകി രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷിക്കും. ഗതാഗത, പാർപ്പിട സൗകര്യങ്ങൾ കണ്ടുകെട്ടും.
സംശയാസ്പദ ലംഘനങ്ങൾ കണ്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു