റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തിലെ പ്രശസ്തമായ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മുറബ്ബ മീൻചന്ത പുനരാരംഭിച്ചു. റിയാദിലെ നഗരകേന്ദ്രമായ ബത്ഹക്ക് സമീപം മുറബ്ബ റിയാദ് നാഷനൽ മ്യൂസിയം പാർക്കിന് പിൻവശത്ത് പഴയ ചന്ത പ്രവർത്തിച്ചിരുന്നിടത്ത് തന്നെയാണ് പുതിയ രൂപത്തിൽ മാർക്കറ്റ് കെട്ടിടവും അതിൽ ആളും ആരവവും മീൻ വ്യാപാരവും തിരിച്ചെത്തിയത്. തുറമുഖത്ത് നങ്കൂരമിട്ട കപ്പലിന്റെ ആകൃതിയിൽ റിയാദ് മുനിസിപ്പാലിറ്റി നിർമിച്ച പുതിയ കെട്ടിടത്തിലാണ് ചന്ത പുനരാരംഭിച്ചത്. ഒമ്പത് വർഷം മുമ്പാണ് പഴയ കെട്ടിടം പൊളിച്ചത്. അതിന് ശേഷം പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നെങ്കിലും ചന്ത പുനരാരംഭിച്ചിരുന്നില്ല.
ഒരു മാസം മുമ്പാണ് നിറയെ ഫിഷ് സ്റ്റാളുകളുമായി പുതിയ കെട്ടിടം പ്രവർത്തനം ആരംഭിച്ചത്. മലയാളികൾ ഉൾപ്പടെയുള്ള വിദേശികളും സ്വദേശികളും ആശ്രയിച്ചിരുന്ന ചന്ത തിരികെ എത്തിയതോടെ മുറബ്ബ ചന്തയിൽ തിരക്കേറിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ 34 ഓളം ഫിഷ് സ്റ്റാളുകളാണുള്ളത്. കിഴക്കൻ സൗദിയിലെ ഖത്വീഫ്, ദമ്മാം, തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാൻ ഉൾപ്പെടെ രാജ്യത്തെ വിവിധ കടലോര മേഖലകളിൽനിന്നും ഇവിടേക്ക് മത്സ്യമെത്തുന്നുണ്ട്. ഇതിന് പുറമെ യു.എ.ഇ, ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മത്സ്യങ്ങളുമെത്തുന്നു. എല്ലായിനം മീനുകളും ഇവിടെ ലഭ്യമാണ്.
ഫ്രഷും ഫ്രോസണും ലഭ്യമാണ്. സൗദിയിലെ പ്രധാന മൊത്തവിൽപന കേന്ദ്രങ്ങളിൽനിന്ന് അതിരാവിലെ മത്സ്യം നേരിട്ടെത്തുന്നതിനാൽ പുതിയ മത്സ്യം തന്നെ വിലക്കുറവിൽ ലഭിക്കുന്നുണ്ട്. നേരത്തെ ഈ ചന്ത ശ്രദ്ധേയമായതും കടലില്ലാത്ത റിയാദിൽ പുതുമ മാറാത്ത മീനുകൾ ലഭിച്ചിരുന്നത് കൊണ്ടാണ്. എല്ലാ സൗകര്യങ്ങളോടെയും തിരിച്ചുവന്ന ചന്തയിൽ മലയാളികൾ ജീവനക്കാരായ നിരവധി സ്റ്റാളുകളുണ്ട്. രാവിലെ ആറ് മുതൽ രാത്രി 11 വരെയാണ് പ്രവൃത്തി സമയം. രാപ്പകലെന്നില്ലാതെ മീൻ വാങ്ങാനായി എല്ലാ വിഭാഗം ആളുകളും മാർക്കറ്റിലേക്ക് വരുന്നുണ്ടെന്ന് ഇടുക്കി സ്വദേശി സക്കീർ ഹുസൈൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മലയാളിയായ സക്കീർ ഹുസൈൻ തന്റെ ഫിഷ് സ്റ്റാളിൽ
ബഹുനില കെട്ടിടത്തിൽ ഫിഷ് സ്റ്റാളുകൾക്ക് പുറമെ മീൻ വിഭവങ്ങൾ ചൂടോടെ വിളമ്പുന്ന റസ്റ്റാറൻറുകളും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം ഓർഡർ ചെയ്ത് അവിടെയിരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്. വാഷ്റൂമും ടോയ്ലറ്റും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുണ്ട്. ഒന്നാം നിലയിൽ വിശാലമായ റസ്റ്റാറൻറിനുള്ള സൗകര്യമുണ്ട്. വൈകാതെ ഇവിടെ റസ്റ്റാറൻറ് ആരംഭിക്കും. മത്സ്യ മാർക്കറ്റ് ഓപറേറ്റ് ചെയ്യുന്ന മഹാർ എന്ന കമ്പനിയാണ്. ചന്തയോട് ചേർന്ന് വിശാലമായ കാർ പാർക്കിങ് സൗകര്യവുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു