ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് എൻഐഎ. എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി ഉയർത്തിയ സംഭവത്തിലാണ് കേസ്. നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്നും ജീവന് ആപത്തുണ്ടായേക്കുമെന്നതിനാൽ സിഖുകാർ അന്ന് വിമാനയാത്ര ചെയ്യരുതെന്നുമായിരുന്നു ഭീഷണി.
ഐപിസി സെക്ഷൻ 120 ബി, 153 എ, 506, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 10, 13, 16, 17, 18, 18 ബി, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് എൻഐഎ പന്നൂനെതിരെ കേസെടുത്തിരിക്കുന്നത്. നവംബർ 4 നാണ് സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സ്ഥാപകനും ഖാലിസ്ഥാനി ഭീകരനുമായ ഗുർപത്വന്ത് സിംഗിൻ്റെ ഭീഷണി വീഡിയോ പുറത്തുവന്നത്.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബർ 19-ന് അടഞ്ഞുകിടക്കുമെന്നും വിമാനത്താവളത്തിന് ഖാലിസ്ഥാൻ വിഘടനവാദി നേതാക്കളായ ബിയന്ത് സിംഗിൻ്റെയും സത്വന്ദ് സിംഗിൻ്റെയും പേരിടുമെന്നുമായിരുന്നു ഭീഷണി. സിഖ് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകൾക്ക് അന്നേ ദിവസം മറുപടി നൽകുമെന്നും വീഡിയോയിൽ ഗുർപത്വന്ത് പറഞ്ഞു.
ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുർപത്വന്ത് സിംഗ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്നൂനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു