ഗാസ: ഇസ്രായേലി സൈനികർ പിടിച്ചടക്കിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ റഫയിലെ ആശുപത്രിയിലേക്കു മാറ്റി. മാസം തികയാതെ പ്രസവിച്ച് ഇൻകുബേറ്ററിലായിരുന്ന കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുദ്ധത്തിൽ പരുക്കേറ്റവരും മറ്റുമായി 291 രോഗികളെയും 25 ജീവനക്കാരെയും കൂടി പുറത്തെത്തിച്ചു.
ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 12 പേരെയെങ്കിലും മോചിപ്പിക്കാനുള്ള നീക്കം ഊർജിതമായതായും സൂചനയുണ്ട്. താൽക്കാലിക യുദ്ധവിരാമത്തിനും കൂടുതൽ ജീവകാരുണ്യ സഹായത്തിനുമുള്ള വ്യവസ്ഥകളും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നു വൈറ്റ് ഹൗസ് ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ഫൈനർ അറിയിച്ചു. ചെറിയ തർക്കങ്ങൾ മാത്രമാണു ധാരണയ്ക്കു തടസ്സമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നു. ഏറ്റവും വലിയ അഭയാർഥി ക്യാംപായ ജബലിയയിലെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച 2 സ്കൂളുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 200 പേർക്കെങ്കിലും മരണമോ പരുക്കോ സംഭവിച്ചതായി ഹമാസ് ആരോപിച്ചു. സ്കൂൾ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ഭാഷയിൽ അപലപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു