ജിദ്ദ: കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടുന്ന മനുഷ്യസമൂഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയും ആശുപത്രികളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും അഭയാർഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയും ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്ന വംശവെറിയന്മാരുടെ കൊടും ക്രൂരതക്കെതിരെ, നീതി തേടുന്ന നിസ്സഹായരായ ഫലസ്തീനിലെ മനുഷ്യർക്ക് വേണ്ടി മനമുരുകി സ്രഷ്ടാവിനോട് പ്രാർഥിക്കുകയാണ് ഒരോ വിശ്വാസിയും ചെയ്യേണ്ടതെന്ന് യുവ പ്രഭാഷകൻ മുസ്തഫ തൻവീർ പറഞ്ഞു.
‘ഫലസ്തീൻ: യഹൂദ, ക്രൈസ്തവ, ഇസ്ലാമിക ദർശനങ്ങളിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ രാഷ്ട്രീയപരമായ വായനകൾക്കപ്പുറത്ത് ഫലസ്തീൻ എന്ന ഭൂപ്രദേശത്തിന്റെയും യഹൂദരുടെയും ചരിത്രം ബൈബിളിന്റെയും ഖുർആന്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ ജനങ്ങൾ തയാറാകണം.
ഫലസ്തീന്റെ യഥാർഥ അവകാശികൾ ആരാണ് എന്ന തർക്കങ്ങൾക്കപ്പുറത്ത് യഹൂദർ ഫലസ്തീനിന്റെ മണ്ണിലേക്ക് കടന്നുവന്നവരാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് വർത്തമാനകാല രാഷ്ട്രീയ സംഘട്ടനങ്ങളുടെ നിജസ്ഥിതി വ്യക്തമാകുന്നതും നിഷ്പക്ഷമായ മനസ്സോടെ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥിക്കാൻ സാധിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു