കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും.
ഹോര്‍ഹെ ലൂയി സാഞ്ചസിന്റെ ‘എല്‍ ബെന്നി’ എന്ന ചിത്രം ബെന്നി മോര്‍ എന്ന ബാന്‍ഡ് ലീഡറുടെ ജീവിതകഥ അവതരിപ്പിക്കുന്നു. 1950കളുടെ തുടക്കത്തില്‍ ഡുവാനിയുടെ ഓര്‍ക്കെസ്ട്ര വിട്ട് സ്വന്തമായി ബാന്‍ഡ് തുടങ്ങുന്ന ബെന്നി മോറിന്റെ സംഗീതജീവിതം രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. അലെഹാന്ദ്രോ ഗില്ലിന്റെ ‘ഇന്നസെന്‍സ്’ (2018) കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ പേരില്‍ 1871 നവംബറില്‍ തടവില്‍ കഴിയേണ്ടി വന്ന എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നിരപരാധിത്വത്തിന്റെ കഥ പറയുന്നു.
ക്യൂബന്‍ ദേശീയ നായകനും കവിയും ദാര്‍ശനികനുമെല്ലാമായ ജോസ് മാര്‍ത്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ചരിത്രപരമായ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫെര്‍ണാണ്ടോ പെരസിന്റെ ‘മാര്‍ത്തി ദ ഐ ഓഫ് ദ കാനറി’ . റിഗോബെര്‍ത്തോ ലോപസിന്റെ ‘ദ മേയര്‍’ സ്പാനിഷ് സൈന്യത്തിന്റെ ആധിപത്യത്തിനെതിരെ പൊരുതിയ ക്യൂബന്‍ ദേശസ്നേഹി ഇഗ്നേഷ്യോ അഗ്രാമോന്റെയുടെ കഥ പറയുന്നു.ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ 1950കളുടെ അവസാനം ക്യൂബന്‍ നഗരമായ സാന്റിയാഗോയില്‍ നടന്ന രൂക്ഷമായ ചെറുത്തുനില്‍പ്പുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് റെബേക്ക ഷാവേസ് സംവിധാനം ചെയ്ത ‘സിറ്റി ഇന്‍ റെഡ് ‘. ഹുവാന്‍ കാര്‍ലോസ് ക്രിമേറ്റ മല്‍ബെര്‍ത്തിയുടെ ‘വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ്’ അന്‍പതുകളിലെ ഒരു പരമ്പരാഗത ക്യൂബന്‍ കുടുംബത്തിന്റെ ഹര്‍ഷസംഘര്‍ഷങ്ങളുടെ കഥ പറയുന്നു.
തിരുവനന്തപുരം സന്ദര്‍ശിച്ച ക്യുബന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനുമായി മേളയിലെ ക്യൂബന്‍ പാക്കേജ് സംബന്ധിച്ച് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഹവാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലും ഐ.എഫ്.എഫ്.കെയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു. മലയാളത്തിലെ മികച്ച സമീപകാല സിനിമകള്‍ ഉള്‍പ്പെടുത്തി ഒരു മലയാള ചലച്ചിത്രമേള ക്യൂബയില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധനാണെന്ന് അലെഹാന്ദ്രോ സിമാന്‍കാസ് മരീന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു