തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടർച്ചയായ നാല് ദിവസം കേരളത്തിൽ മഴ അനുഭവപ്പെടുന്നതാണ്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.
വടക്കൻ ത്രിപുരയ്ക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ഇതിനോടകം ദുർബലമായിട്ടുണ്ട്. എന്നാൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിൽ ഇപ്പോഴും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
കൂടാതെ, തെക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും ഉണ്ട്. ഇതിനെ തുടർന്നാണ് വീണ്ടും മഴ കനക്കുന്നത്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു