ഹെല്സിങ്കി ∙ നോർഡിക് രാഷ്ട്രങ്ങളിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് തടയാൻ, ഫിൻലൻഡ് റഷ്യയുമായുള്ള അതിർത്തിയിലെ, ഒൻപത് ക്രോസിങ് പോയിന്റുകളിൽ നാലെണ്ണം അടയ്ക്കുമെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ. ആഭ്യന്തര മന്ത്രി മാരി രന്തനെനും പ്രധാനമന്ത്രി പെറ്റെറി ഓർപോയും വ്യാഴാഴ്ച ഹെൽസിങ്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
വാലിമ, നുയിയാമ , ഇമാത്ര, നിരാല അതിർത്തി ക്രോസിങ് പോയിന്റുകൾ അടയ്ക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിർത്തി പോയിന്റുകൾ വെള്ളിയാഴ്ച രാത്രി അടയ്ക്കും. അതിനുശേഷം, ഈ അതിർത്തി സ്റ്റേഷനുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രോസിങ് സാധ്യമല്ല. കൂടാതെ, രാജ്യന്തര സംരക്ഷണത്തിനായുള്ള അപേക്ഷകൾ വടക്കുള്ള രണ്ട് അതിർത്തി സ്റ്റേഷനുകളിൽ കേന്ദ്രീകരിക്കാനും സർക്കാർ തീരുമാനിച്ചു: കൈനു മേഖലയിലെ വാർതിയസ്, ഫിന്നിഷ് ലാപ്ലാൻഡിലെ സല്ല എന്നിവയാണ് ഈ രണ്ടു അതിർത്തി പോയിന്റുകൾ .ഈ നിയന്ത്രണങ്ങൾ 2024 ഫെബ്രുവരി 18 വരെ മൂന്ന് മാസത്തേക്ക് ബാധകമാണ് .
അതിർത്തികൾ അടയ്ക്കുന്ന സന്ദേശങ്ങൾ വിവിധ ഭാഷകളിൽ കൈമാറാൻ, ഫിൻലൻഡ് സോഷ്യൽ മിഡിയ ഉപയോഗിക്കുന്നുണ്ടെന്നും അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വ്യക്തികളെ അതിർത്തി രക്ഷാസേന തടയുമെന്നും മന്ത്രി രന്തനെൻ അഭിപ്രായപ്പെട്ടു . “കിഴക്കൻ മേഖലയിലെ അതിർത്തി കടക്കുന്ന പോയിന്റുകൾ അടയ്ക്കുന്നത് ഫിൻലൻഡിലേക്കുള്ള അനധികൃത പ്രവേശനം തടയും. ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണ്”, മാരി രന്തനൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു