മസ്കത്ത്: 10 മണിക്കൂറിലേറെ ദുരിതപർവങ്ങൾ താണ്ടി മസ്കത്ത്-കോഴിക്കോട്-കൊച്ചി എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ ഒടുവിൽ നാടണഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കോഴിക്കോട്ട് എത്തേണ്ട വിമാനം വെള്ളിയാഴ്ച പുലർച്ച 2.30നാണ് പറന്നിറങ്ങിയത്. യാത്രക്കാരുമായി ഇവിടുന്ന് പിന്നീട് കൊച്ചിയിലേക്കും പുറപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 11.40ന് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട വിമാനം മൂന്ന് മണിക്കൂർ വൈകി മുംബൈ വഴിയായിരുന്നു പറന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകാനുള്ള കാരണമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. ഇത് പരിഹരിക്കുന്നതിനായിരുന്നു മുംബൈയിലേക്കുള്ള യാത്ര. വൈകീട്ട് അഞ്ചരയോടെ മുംബൈയിൽ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാൻ എൻജിനീയർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടെ യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ കയറ്റിവിടാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും എതിർപ്പിനെ തുടർന്ന് തീരുമാനത്തിൽനിന്ന് പിന്തിരിയേണ്ടി വന്നു. മറ്റ് വിമാനങ്ങളിലുള്ള യാത്രയെ കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ലെന്നും വിമാനത്തിനുള്ളിൽനിന്ന് യാത്രക്കാരെ ഇറക്കാനുമുള്ള എയർ ഇന്ത്യയുടെ തന്ത്രമാണിതെന്നും മനസ്സിലായപ്പോഴാണ് ഒറ്റക്കെട്ടായി എതിർത്തതെന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഒടുവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് 12.30നാണ് കോഴിക്കോട്ടേക്ക് മുംബൈയിൽനിന്നും തിരിച്ചത്.
മസ്കത്തിൽ ചെക്ക് ഇൻ നടപടികൾ പൂർത്തിയായ ശേഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാർ അറിയുന്നത്. ഗർഭിണികളും പ്രായമായവരും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇതുമൂലം പ്രയാസത്തിലായത്. ചികിത്സക്ക് പോകുന്ന ഒമാനി പൗരന്മാരടക്കം വിമാനത്തിലുണ്ടായിരുന്നു. ഒമാന്റെ ദൂരദിക്കുകളിൽനിന്നും വളരെ നേരത്തേതന്നെ എയർപോർട്ടിൽ എത്തിയവരായിരുന്നു യാത്രക്കാരിൽ അധികപേരും. അതിനാൽ പലർക്കും ഭക്ഷണത്തിനും മറ്റും പ്രയാസം നേരിടുകയും ചെയ്തു. അടുത്തിടെയായി എയർ ഇന്ത്യയുടെ വിമാനങ്ങൾ വൈകുന്നത് തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും ഇതിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രവാസികൾ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു