അൽഅഹ്സ: ജവഹർലാൽ നെഹ്റുവിന്റെ 134ാമത് ജന്മദിനം (ശിശുദിനം) ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുതിർന്ന ഒ.ഐ.സി.സി നേതാവ് ശാഫി കുദിർ ഉദ്ഘാടനം ചെയ്തു.
മോഡേൺ ഇൻറർനാഷനൽ സ്കൂൾ പ്രധാനാധ്യാപകൻ തോജോ അലക്സ്, നവാസ് കൊല്ലം, റഫീഖ് വയനാട്, ലിജു വർഗീസ്, ഗോഡ്വീന ഷിജോ, ആദിൽ നൗഷാദ് എന്നിവർ നെഹ്റുവിനെ അനുസ്മരിച്ച് സംസാരിച്ചു.
മഹത്തായ ഭരണഘടനക്ക് രൂപംനൽകാൻ ബാബാ സാഹെബ് അംബേദ്കറെപ്പോലുള്ള കോൺഗ്രസുകാരൻ പോലുമല്ലാതിരുന്ന ആളെതന്നെ ചുമതലപ്പെടുത്തി ഇന്ത്യൻ മതേതര ജനാധിപത്യമൂല്യങ്ങളെയും ജനങ്ങളുടെ മൗലികാവകാശങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്നിട്ടും കാർക്കശ്യ നിലപാടെടുത്തത് നെഹ്റുവിന്റെ മാനവികതയോടുള്ള ദീർഘവീക്ഷണമാണ് വ്യക്തമാക്കുന്നതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരചരിത്രസത്യങ്ങളെ വളച്ചൊടിച്ചും രാഷ്ട്രശിൽപി പണ്ഡിറ്റ്ജിയടക്കമുള്ള ചരിത്രപുരുഷന്മാരുടെ പേരുകൾ പാഠപുസ്തകങ്ങളിൽനിന്നും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നവർ വളർന്നുവരുന്ന പുതിയ തലമുറയോട് കൊടുംവഞ്ചനയാണ് ചെയ്യുന്നതെന്നും അനുസ്മരണ യോഗം വിലയിരുത്തി.
നേതാക്കളും പ്രവർത്തകരും നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, എം.ബി. ഷാജു, റഷീദ് വരവൂർ, ഷാനി ഓമശ്ശേരി, ഷിബു സുകുമാരൻ, സബീന അഷ്റഫ്, റീഹാന നിസാം, മൊയ്തു അടാടിയിൽ, വി.പി. സെബാസ്റ്റ്യൻ, അനീഷ് സനാഇയ്യ, മുരളീധരൻ പിള്ള, അഫ്സൽ അഷ്റഫ്, റിജോ ഉലഹന്നാൻ, ജസ്ന മാളിയേക്കൽ, അഫ്സാന അഷ്റഫ്, ബിനു ഡാനിയേൽ, ശ്രീരാഗ് സനാഇയ്യ, ഷമീർ പാറക്കൽ, സുധീരൻ കാഞ്ഞങ്ങാട്, സുമീർ അൽമൂസ, യാക്കൂബ്, അക്ബർ ഖാൻ, മഞ്ജു നൗഷാദ്, സെബി ഫൈസൽ, റുക്സാന റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊച്ചുകുട്ടികളുടെ കലാപരിപാടികളും പായസമടക്കമുള്ള മധുരവിതരണവും ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു