കല്‍പറ്റ: കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ അളന്ന മൂന്ന് കര്‍ഷകരെ പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ആദരിച്ചു. പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസില്‍ നടന്ന കേരള വെറ്റിനറി സയന്‍സ് കോണ്‍ഗ്രസില്‍ വച്ച് സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് കര്‍ഷകരെ ആദരിച്ചത്.
സുല്‍ത്താന്‍ബത്തേരി ക്ഷീരസംഘത്തിലെ മികച്ച കര്‍ഷകനായ മോഹന്‍ദാസ് എം വി(3,29,068.6 ലിറ്റര്‍), പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണസംഘത്തിലെ മികച്ച കര്‍ഷക ബീന എബ്രഹാം(1,24,568.5 ലിറ്റര്‍), മാനന്തവാടി ക്ഷീരോത്പാദക സഹകരണസംഘത്തിലെ മികച്ച കര്‍ഷക സിന്ധു പി സി(90,371.6 ലിറ്റര്‍) എന്നിവരെയാണ് ആദരിച്ചത്. കേരള വെറ്റിനറി സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിന്‍റെ സാന്നിദ്ധ്യത്തില്‍ മന്ത്രി ചിഞ്ചുറാണി ഇവര്‍ക്ക് പ്രശംസാഫലകം കൈമാറി.
ക്ഷീരമേഖലയ്ക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന മൃഗഡോക്ടര്‍മാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മികച്ച മൃഗഡോക്ടര്‍ക്ക് അടുത്ത കൊല്ലം മുതല്‍ ഗോമിത്ര പുരസ്ക്കാരം നല്‍കാന്‍ കേരള ഫീഡ്സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ശാസ്ത്രീയമായ തീറ്റക്രമം, രോഗരഹിത സാഹചര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഫണ്ട് കര്‍ഷകരുടെ ഉന്നമനത്തിനായി വിനിയോഗിക്കല്‍ തുടങ്ങി മൃഗഡോക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്ക്കാര നിര്‍ണയം നടത്തുന്നത്. ഇതിനായി ദേശീയതലത്തിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജൂറിയ്ക്ക് രൂപം നല്‍കുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി.പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതായിരിക്കും ഗോമിത്ര പുരസ്ക്കാരം.
കാലിത്തീറ്റയുടെ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതില്‍ ക്ഷീരകര്‍ഷകര്‍ക്ക് മൃഗഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം വിലമതിക്കാനാകാത്തതാണെന്ന് കേരള ഫീഡ്സ് എംഡി ഡോ. ശ്രീകുമാര്‍ പറഞ്ഞു. കാലിത്തീറ്റയും സൈലേജും പച്ചപ്പുല്ലും നല്‍കുന്നതിലെ ശരിയായ അനുപാതം പിന്തുടര്‍ന്നാല്‍ ക്ഷീരസ്വയംപര്യാപ്തത സംസ്ഥാനത്തിന് കൈവരിക്കാനാകും. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് കാലിത്തീറ്റയ്ക്ക് വിലക്കുറവ് നല്‍കുന്നതിലൂടെ മൃഗഡോക്ടര്‍മാര്‍ അഭിമാനാര്‍ഹമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.