അബൂദബി: അബൂദബി അല്‍ ധഫ്ര മേഖലയിലെ ബറഖ ആണവോര്‍ജ നിലയത്തിലെ നാലാമത്തെയും അവസാനത്തെയും റിയാക്ടറിന് ന്യൂക്ലിയര്‍ റെഗുലേഷന് ഫെഡറല്‍ അതോറിറ്റിയുടെ (എഫ്.എ.എന്‍.ആര്) പ്രവര്‍ത്തന അനുമതി. നിലയത്തിന്റെ പ്രവര്‍ത്തന ചുമതലയുള്ള നവാ ഊര്‍ജ കമ്പനിക്കാണ് അനുമതി നല്‍കിയത്. 60 വര്‍ഷത്തേക്കാണ് ലൈസന്‍സ്.
15 വര്‍ഷം മുമ്പാണ് മേഖലയിലെ ആദ്യ ആണവോര്‍ജ പദ്ധതി വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയും എഫ്.എ.എന്‍.ആറിന്റെ മാനേജ്മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനുമായ ഹമദ് അല്‍ കാബി പറഞ്ഞു. 2020 ഫെബ്രുവരി, 2021 മാര്‍ച്ച്, 2022 ജൂണ്‍ എന്നീ തീയതികളിലായാണ് ബറഖ ആണവോര്‍ജ നിലയത്തിലെ ആദ്യ മൂന്നു യൂനിറ്റുകള്‍ തുറന്നത്. ഈ വര്‍ഷം ജനുവരിയിലാണ് മൂന്നാമത്തെ യൂനിറ്റ് വാണിജ്യപരമായ ഉൽപാദനം തുടങ്ങിയത്.
രാജ്യത്തെ ശുദ്ധ ഊര്‍ജത്തിന്റെ 25 ശതമാനവും ബറഖ ആണവോര്‍ജ നിലയത്തില്‍ നിന്ന് ഉൽപാദിപ്പിക്കാനാണ് പദ്ധതി. മൂന്നാം യൂനിറ്റ് ദേശീയ ഊര്‍ജ ശൃംഖലയിലേക്ക് 1400 മെഗാവാട്ട് ശുദ്ധ വൈദ്യുതിയാണു നല്‍കുന്നത്. മൂന്ന് യൂനിറ്റുകളില്‍ നിന്നുമാത്രം 4200 മെഗാവാട്ട് ഊര്‍ജമാണ് യു.എ.ഇ. ദേശീയ ഊര്‍ജ ശൃംഖലക്ക് കൈമാറിവരുന്നത്. അവസാനത്തേതുകൂടി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അളവ് കൂടും.
യു.എ.ഇ സുസ്ഥിര വര്‍ഷം ആചരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് ഈ മാസം 30 മുതൽ രാജ്യം വേദിയാവാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് ആണവോര്‍ജ നിലയത്തിലെ നാലാം യൂനിറ്റിനുകൂടി പ്രവര്‍ത്തനാനുമതി നൽകിയിരിക്കുന്നത്. 2050ഓടെ കാര്‍ബണ്‍ മുക്തമാക്കുകയെന്ന യു.എ.ഇയുടെ നെറ്റ് സീറോ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ബറഖ ആണവോര്‍ജ നിലയത്തിലെ ഈ നേട്ടം.
യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറഖ ആണവോര്‍ജ നിലയത്തിന്റെ ശ്രമങ്ങള്‍ ദ്രുതഗതിയില്‍ വിജയത്തിലേക്ക് എത്തുന്നതിന്റെ തെളിവാണിത്. ബറഖ ആണവോര്‍ജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളലാണ് പ്രതിവര്‍ഷം ഒഴിവാക്കുക. ഉൽപാദനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കാര്‍ബണ്‍ മാലിന്യമാണ് ഇല്ലാതായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു