തിരുവനന്തപുരം ∙ നവകേരള സദസ്സിന് ബെൻസ് ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേരയെത്തിയത് ചൈനയിൽനിന്ന്. ബസിന്റെ നമ്പർ കെഎൽ 15 എ 2689. ബസ് കഴിഞ്ഞ ഏഴിന് കേരളത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് സുരക്ഷാ പരിശോധനയും നടത്തി.
ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മ്മിച്ചത്. ചോക്‌ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പി ബസിന് പുറത്ത് ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്. ആദ്യം ചിത്രങ്ങൾ ഉൾപ്പെടെ സ്റ്റിക്കർ പതിക്കാമെന്നു കരുതിയെങ്കിലും പിന്നീടു തീരുമാനം മാറ്റി.
25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ആർഡംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. നവകേരള സദസ്സിന് തീരുമാനമെടുത്ത ശേഷം ഒരുക്കം ആലോചിക്കാൻ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി സമ്മതിച്ചതോടെ 3 മാസം മുൻപുതന്നെ ബസിന് ഓർഡർ നൽകി. മുഖ്യമന്ത്രിക്ക് ആദ്യം കാബിൻ ആലോചിച്ചെങ്കിലും പിന്നീട് 180 ഡിഗ്രി കറങ്ങുന്ന കസേരയിലേക്കെത്തി. നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേരയെത്തിയത്.
ബസിൽ പടി കയറേണ്ടതില്ല. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. ഇതും കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ, ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് തൊട്ടടുത്തായി മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട്സ് ലൈറ്റുള്ള പ്രത്യേക സ്ഥലം തുടങ്ങിയവയാണ് ബസിലുള്ളതെന്നാണ് വിവരം. ആഡംബര സൗകര്യങ്ങളുള്ള ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു