റിയാദ് ∙ കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മിറ്റി അംഗം സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി. ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിൽ പോയി തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു. ചെറിയ പനി മുൻപ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധ കയറിയതാണ് മരണ കാരണം.
ബദിയ മേഖലയിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ സുധീർ സുൽത്താൻ 30 വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്നു. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തു വരികയായിരുന്നു. കേളി സുവൈദി യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം മണ്ണാൻവിള സുൽത്താൻ മൻസിലിൽ സുൽത്താൻ പിള്ളയുടെയും, ലൈലാ ബീവിയുടെയും മകനാണ്. ഭാര്യ അസീന, അഫ്നാൻ, റിയാസ്, സുൽത്താൻ എന്നിവർ മക്കളുമാണ്. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു