ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്ററെ സമനിലയില്‍ തളച്ച് വയനാട് താരം അഭിനവ്

കല്‍പ്പറ്റ: കേരള- ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ചെ ഇന്റര്‍നാഷനല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ക്യൂബയില്‍ നിന്നുള്ള ഗ്രാന്‍ഡ് മാസ്റ്ററും ഫിഡെ റാങ്കിങില്‍ ഏറെ മുന്നിലുള്ള അന്താരാഷ്ട്ര താരവുമായ ദിലന്‍ ഇസിദ്രെ ബെര്‍ദായെസിനെ സമനിലയില്‍ തളച്ച് വയനാട്ടില്‍ നിന്നുള്ള ചെസ് താരം അഭിനവ് ശ്രദ്ധേ നേടി. കോളേരി ഗവ. ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവ് പരിശീലകന്റെ സഹായമില്ലാതെയാണ് ജില്ലാ തല മത്സരങ്ങള്‍ ജയിച്ച് ഈ ചാമ്പ്യന്‍ഷിപ്പിലെത്തിയത്. പിതാവ് സന്തോഷ് വി. ആറില്‍ നിന്നാണ് ചെസ് ബാല പാഠങ്ങള്‍ പഠിച്ചത്. പിന്നീട് പുസ്തകങ്ങളും ഇന്റര്‍നെറ്റും പരതി സ്വയം പരിശീലനത്തിലൂടെയാണ് കളിമികവ് സ്വായത്തമാക്കിയത്. മത്സരത്തിലുടനീളം അഭിനവ് മികവ് പുലര്‍ത്തി.

അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന റാങ്കുള്ള മികച്ച താരത്തിനെതിരെ മത്സരിക്കാന്‍ ലഭിച്ച അവസരം കൂടുതല്‍ ആത്മവിശ്വാസ പകരുന്നതാണെന്ന് അഭിനവ് പറഞ്ഞു. കൃത്യതയും വേഗത്തിലുമുള്ള കരുനീക്കങ്ങളിലൂടെയാണ് അഭിനവ് ബെര്‍ദായെസിനെ സമനിലയില്‍ തളച്ചത്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയാണ് ഈ 15 കാരന്റെ ലക്ഷ്യം. അഭിനവ് മികച്ച പ്രതിഭയുള്ള കളിക്കാരനാണെന്നും മികച്ച പരിശീലനത്തിലൂടെ മല്ല ടൂര്‍ണമെന്റുകളില്‍ കളിക്കണമെന്നും എതിരാളി ബെര്‍ദായെസ് പറഞ്ഞു. മികവിന്റെ പാതയില്‍ അഭിനവിന് പിന്തുണയുമായി അച്ഛന്‍ സന്തോഷും അമ്മ ഷാജിയും സഹോദരന്‍ ആനന്ദ് രാജും കൂടെയുണ്ട്.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു