മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന റെയിൽവേ പദ്ധതി 2030 ഡിസംബറിൽ യാഥാർഥ്യമാക്കാൻ അധികൃതരുടെ തീരുമാനം. മസ്കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) ഗതാഗത, വാർത്ത വിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ സമിതിയുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള തീയതിക്ക് അംഗീകാരം നൽകിയത്. ഒമാൻ ഗതാഗത, വാർത്ത വിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മഅ്വാലി അധ്യക്ഷതവഹിച്ചു.
എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റെയിൽവേ പദ്ധതി. സാധ്യത, ഗതാഗത പഠനങ്ങൾ ഇതിനകം പൂർത്തിയായി പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. യു.എ.ഇയും സൗദിയുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിരിക്കുന്നത്. യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായി.
സുഹാർ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്. ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും കഴിഞ്ഞിട്ടുണ്ട്.
ഓരോ രാജ്യത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യവും വികസനരംഗത്ത് കുതിപ്പിന് വഴിവെക്കുന്നതുമാകും ജി.സി.സി റെയിൽ. പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ് നിർദിഷ്ട ജി.സി.സി റെയിൽവേ പദ്ധതി.
25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അകലം ഒന്നുകൂടി കുറയും. പദ്ധതി യാഥാർഥ്യമാകുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്ര, ചരക്കുനീക്കത്തിന് ഏറെ എളുപ്പമാകുമെന്നും ഇതുവഴി ജി.സി.സി തലത്തിൽ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2,177 കി.മീ ദൈർഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ട്രെയിനുകൾക്കൊപ്പം ചരക്കുവണ്ടികളും കൂകിപ്പായും. ഇത് വാണിജ്യ മേഖലയിലും ഉണർവിന് കാരണമാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു