വാഷിങ്ടൺ: യുദ്ധക്കൊതി നിറഞ്ഞ കള്ളങ്ങൾക്കൊപ്പം നിൽക്കാനില്ലെന്നു വ്യക്തമാക്കി ന്യൂയോർക്ക് ടൈംസ് മാഗസിനില്നിന്നു രാജിവച്ച് പുലിറ്റ്സർ ജേതാവ് ആനി ബോയർ. കവിത എഡിറ്റർ സ്ഥാനത്തുനിമാണ് രാജി. നേരത്തെ ന്യൂയോർക്ക് ടൈംസ് മാഗസിൻ കോളമിസ്റ്റ് ജാസ്മിൻ ഹ്യൂസും ഫലസ്തീനികളുടെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സ്ഥാനമൊഴിഞ്ഞിരുന്നു.
രാജിക്കുള്ള കാരണങ്ങൾ വിശദീകരിച്ച് ഒരു കുറിപ്പും ആനി ബോയർ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്നത് എണ്ണയും ആയുധക്കച്ചവടവും ലക്ഷ്യമിടുന്നവരുടെ യുദ്ധമാണെന്നും ഇത് ഇസ്രായേലിനും യു.എസിനും യൂറോപ്പിനും ജൂതന്മാർക്കു പോലും സമാധാനം കൊണ്ടിവരില്ലെന്നും അവർ രാജിക്കത്തിൽ പറയുന്നു.
അമേരിക്കൻ കവിയും എഴുത്തുകാരിയുമാണ് ആനി ബോയർ. 2020ൽ ‘ദ അൺഡയിങ്: പെയിൻ, വൾനെറബിലിറ്റി, മൊറാലിറ്റി, മെഡിസിൻ, ആർട്ട്, ടൈം, ഡ്രീംസ്, ഡാറ്റ, എക്സോഷൻ, കാൻസർ ആൻഡ് കെയർ’ എന്ന കൃതിക്ക് നോൺ ഫിക്ഷനുകള്ള പുലിറ്റ്സർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദി റോമാൻസ് ഓഫ് ഹാപ്പി വർക്കേഴ്സ്, ദി കോമൺ ഹാർട്ട്, ഗാർമന്റ്സ് എഗെയിൻസ്റ്റ് വുമൺ, ദ ഹാൻഡ്ബുക് ഒാഫ് ഡിസപ്പോയിന്റഡ് ഫേറ്റ് ആണു പ്രധാന കൃതികൾ.
ആനി ബോയറിന്റെ രാജിക്കത്തിന്റെ പൂർണരൂപം
ന്യൂയോർക്ക് ടൈംസ് മാസികയുടെ കവിതാ എഡിറ്റർ സ്ഥാനത്തുനിന്ന് ഞാൻ രാജിവച്ചിരിക്കുകയാണ്.
ഗസ്സക്കാർക്കെതിരെ യു.എസ് പിന്തുണയോടെ ഇസ്രായേൽ ഭരണകൂടം നടത്തുന്നത് ആർക്കും വേണ്ടിയുള്ള യുദ്ധമല്ല. ആ യുദ്ധത്തിലോ അതിൽനിന്നോ ആർക്കുമൊരു സുരക്ഷയില്ല; ഇസ്രായേലിനോ യു.എസിനോ യൂറോപ്പിനോ ഒന്നും. തങ്ങളുടെ പേരിലാണു യുദ്ധമെന്നു ചിലർ കള്ളം പറഞ്ഞുപരത്തപ്പെട്ട ജൂതന്മാർക്കു പ്രത്യേകിച്ചും. എണ്ണക്കൊതിയന്മാർക്കും ആയുധനിർമാതാക്കന്മാർക്കും ലഭിക്കുന്ന കൊടുംലാഭം മാത്രമാണ് അതിലുള്ളത്. ലോകവും ഭാവിയും നമ്മുടെ ഹൃദയങ്ങളുമെല്ലാം ഇതു കണ്ട് ചുരുങ്ങിച്ചെറുതാകുകയാണ്; വിങ്ങുകയാണ്.
ഇതു മിസൈലുകളുടെയും കരമാർഗമുള്ള അധിനിവേശങ്ങളുടെയും യുദ്ധമല്ല. ഫലസ്തീൻ ജനതയുടെ സംഹാരമാണു നടന്നുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായുള്ള അധിനിവേശത്തോടും നിർബന്ധിത കുടിയൊഴിപ്പിക്കലിനോടും പട്ടിണിയോടും നിരീക്ഷണങ്ങളോടും ഉപരോധങ്ങളോടും തടങ്കലിനോടും പീഡനത്തോടും പോരാടുന്ന ജനതയാണ് അവർ.
നമ്മുടെ സ്ഥായിയായ സ്ഥിതി ആത്മപ്രകാശനമായതിനാൽ ചിലപ്പോൾ എല്ലാ കലാകാരന്മാർക്കും തിരസ്കാരത്തിന്റെ വഴി സ്വീകരിക്കേണ്ടിവരും; അതുകൊണ്ടു ഞാനും. ഈ അന്യായമായ യാതനകളോട് പൊരുത്തപ്പെടുന്നവരാണ് നമ്മളെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള ‘യുക്തിസഹമായ’ സ്വരങ്ങൾക്കിടയിൽ ഞാൻ കവിത എഴുതുന്നില്ല. ഈ ഭീകരമായ ലളിതോക്തികൾ ഇനിയും വേണ്ട. ഇനിയും കുളിപ്പിച്ചുവച്ച നരകവാക്കുകൾ വേണ്ട. യുദ്ധക്കൊതി നിറഞ്ഞ കള്ളങ്ങൾ ഇനി വേണ്ട.ഈ രാജി വാർത്തകളിൽ കവിതയ്ക്കു സമാനമൊരു ഗർത്തം അവശേഷിപ്പിക്കുമെങ്കിൽ അതുതന്നെയാണ് ഈ വർത്തമാന കാലത്തിന്റെ യഥാർത്ഥ ചിത്രം.