കൊച്ചി: നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. ലാല്‍ബാഗിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ ബസ് എത്തിച്ചു. ഉടന്‍ ബസ് കേരളത്തിലേക്ക് പുറപ്പെടും.
മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ആഢംബര ബസ് നിര്‍മ്മിച്ചത്. ബസ് നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ ചെലവിട്ടിരുന്നു. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മഞ്ചേശ്വരം പൈവെളിഗെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കും.
നവകേരള സദസ് ജനങ്ങളുടെ പരിപാടിയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇത് ജനങ്ങള്‍ക്കായി സംഘടിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന നവ കേരള സദസ് പുതിയ സംഭവമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് അനുകൂലമായ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്.
വിവിധ മേഖലകളില്‍ ഡിജിറ്റല്‍ മികവ് കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, സയന്‍സ് പാര്‍ക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കെ ഫോണ്‍, ഡിജിറ്റല്‍ ഹൈവേ, വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് ആവശ്യമായ വിവിധ പദ്ധതികള്‍ തുടങ്ങി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു