തിരുവനന്തപുരം: അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് റൂൾസ് ദുർവ്യാഖ്യാനിച്ച് കോൺട്രാക്ട് ക്യാരിയേജ് ബസുകൾ സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ടൂറിസം വികസനത്തിനായി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
കോൺട്രാക്ട് ക്വാരിയേജ് പെർമിറ്റ് വാഹനങ്ങൾക്ക് വിവിധ സ്റ്റോപ്പുകളിൽ നിർത്താനോ ആളുകളെ കയറ്റി സർവ്വീസ് നടത്താനോ അനുവാദമില്ല. ഇത്തരം വാഹനങ്ങൾ നിശ്ചിത ഇടത്തു നിന്ന് ആരംഭിച്ച് നിശ്ചിത സ്റ്റോപ്പിൽ ആളുകളെ ഇറക്കണമെന്നാണ് നിയമം. ഇത്തരത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളടക്കം പിടിച്ചെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഒരു സ്ഥലത്തുനിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് ക്യാരിയേജുകൾക്ക് പെർമിറ്റ് നൽകുന്നത്. ടൂറിസം വികസനം ലക്ഷ്യമാക്കി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്നു കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
കെ.എസ്.ആർ.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുവാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു