എക്‌സിലെ അകൗണ്ടിലെ ഒരു പോസ്റ്റു കാരണം സൈപര്‍ ആക്രമണം നേരിടുകയാണ് തമിഴിലെ യുവനടന്‍ വിഷ്ണു വിശാല്‍. രണ്ടുദിവസം മുമ്പ് കമല്‍ഹാസനും ആമിര്‍ ഖാനുമൊപ്പം നില്‍ക്കുന്ന ചിത്രം വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. എല്ലാ പ്രിയപ്പെട്ടവരുമുള്ള പ്രിയപ്പെട്ട ചിത്രം, സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ് എന്നായിരുന്നു ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചത്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ വിഷ്ണുവിനെതിരെ രജനി ആരാധകരില്‍ നിന്ന് രൂക്ഷവിമര്‍ശനവും പരിഹാസങ്ങളും ഉയര്‍ന്നു. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന് അവര്‍ വാദിച്ചു.
സൈബര്‍ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തില്‍ നിന്ന് സൂപ്പര്‍ എന്ന വാക്ക് വിഷ്ണു വിശാല്‍ നീക്കംചെയ്തു. ഇതോടെയാണ് രജനി ആരാധകര്‍ അടങ്ങിയത്. സ്റ്റാറും സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞുവെന്നു ഒരാള്‍ പ്രതികരിച്ചത്. രജനികാന്ത് ആരാധകരുടെ ആക്രമണത്തില്‍ പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായ വിഷ്ണുവിനെയോര്‍ത്ത് സഹതാപമുണ്ടെന്നും കമന്റുകള്‍ ഉണ്ട്.
അതേസമയം വിഷ്ണു പോസ്റ്റ് എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നഭിപ്രായപ്പെട്ട രജനികാന്ത് ആരാധകരുമുണ്ട്. മുതിര്‍ന്ന താരങ്ങളെ പൊതുവേ സൂപ്പര്‍ സ്റ്റാറുകള്‍ എന്നുവിളിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് ഒരു കൂട്ടര്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി വിഷ്ണു തന്നെ രംഗത്തെത്തി. സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ദുര്‍ബലനാണെന്ന് കരുതരുത്. സൂപ്പര്‍ താരങ്ങളായ എല്ലാവരേയും താനിഷ്ടപ്പെടുന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള ഒരാള്‍ മാത്രമേ ഉണ്ടാവൂ. എല്ലാവരെയും സ്‌നേഹിക്കുക, സ്‌നേഹം പ്രചരിപ്പിക്കുക. വെറുപ്പല്ല. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു