ഗാസ: ‘സൈനിക ടാങ്കുകളടക്കം ആശുപത്രി വളപ്പിലേക്ക് ഇരച്ചുകയറി. എല്ലായിടത്തുനിന്നും വെടിയൊച്ച കേൾക്കാമായിരുന്നു. എല്ലാവരും കീഴടങ്ങണമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു’ -ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ അതിക്രമിച്ചുകയറി ഇസ്രായേൽ സേന നടത്തിയ ഭീകരത എമർജൻസി വിഭാഗം ജീവനക്കാരനായ ഉമർ സാകൂത്ത് വിവരിച്ചു. രോഗികളെയടക്കം അവർ പിടികൂടി ക്രൂരമായി മർദിച്ചു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസ് ബോംബിട്ട് തകർത്തു. കുട്ടികളും സ്ത്രീകളുമടക്കം ചകിതരായി ഓടുന്ന കാഴ്ചയായിരുന്നു എല്ലായിടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾ നീണ്ട ഉപരോധത്തിനും ആക്രമണങ്ങൾക്കും വെടിവെപ്പിനുമൊടുവിലാണ് ഇസ്രായേൽ സേന ആശുപത്രിയിലേക്ക് ഇരച്ചുകയറിയത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതോടെ വെടിയുതിർത്തും ബോംബെറിഞ്ഞും ആശുപത്രി ഗേറ്റും മതിലും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉള്ളിൽ കടന്ന സേന നിരവധിപേരെ പിടികൂടിയതായി റിപ്പോർട്ട് . വിവസ്ത്രരാക്കിയും കണ്ണുകെട്ടിയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അഭയം തേടിയെത്തിയവരുമടക്കം 200ഓളം പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആശുപത്രിക്കടിയിലെ ഭൂഗർഭ തുരങ്കത്തിൽ ഹമാസ് സൈനിക കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അതിക്രമം. ഹമാസും ഗസ്സ ആരോഗ്യമന്ത്രാലയവും പല തവണ ആരോപണം നിഷേധിച്ചിട്ടും ആശുപത്രി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി ചുറ്റും തമ്പടിച്ചിരിക്കുകയായിരുന്നു ഇസ്രായേൽ സേന. ഇന്ധനം തീർന്ന് വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ആശുപത്രിയിൽ ദുരിത ജീവിതം നയിച്ചിരുന്ന നവജാത ശിശുക്കളടക്കമുള്ളവരുടെ ജീവൻ ഇതോടെ കൂടുതൽ അപകടത്തിലായി. ആശുപത്രികളെ കുരുതിക്കളമാക്കുന്ന ഇസ്രായേൽ നടപടിയെ ഐക്യരാഷ്ട്രസഭയടക്കം ലോകരാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു