ജിദ്ദ: ഗസ്സയുടെ പുനർനിർമാണത്തിനായി പ്രവർത്തിക്കുന്ന ഖത്തർ കമ്മിറ്റി ആസ്ഥാനത്തിനുനേരെ ഇസ്രായേൽ അധിനിവേശസേന നടത്തിയ ബോംബാക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇസ്രായേൽ തുടരുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക മാനദണ്ഡങ്ങളുടെയും ലംഘനങ്ങളുടെ പരമ്പരയാണിത്. ഈ ആക്രമണത്തിനെതിരെ സഹോദര രാഷ്ട്രമായ ഖത്തറിനോടുള്ള സൗദിയുടെ ഐക്യദാർഢ്യവും നിലപാടും വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സമൂഹം സ്വന്തം ഉത്തരവാദിത്തം വേഗത്തിലും നിർബന്ധമായും ഏറ്റെടുക്കേണ്ടതുണ്ടെന്ന ആവശ്യം ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശ അധികാരികൾ നടത്തുന്ന ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണം. ഗസ്സയിലെ സാധാരണക്കാർക്കും ആശുപത്രികൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കും എതിരെ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി ചോദ്യംചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു