ലണ്ടൻ∙ ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയിൽ അതിശക്തയായി വിലസിയ നേതാവായിരുന്നു ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ. ഡേവിഡ് കാമറൺ, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ ഹോം സെക്രട്ടറി പദം ഉൾപ്പെടെ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്ത ശക്തയായ നേതാവ്. ഇവരുടെ പിൻഗാമിയായാണ് ഇന്ത്യൻ വംശജയും യുവ നേതാവുമായ സുവെല്ല ബ്രേവർമാനെ എല്ലാവരും കണ്ടത്. ലിസ് ട്രസ് മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ വിവാദത്തിലായി മന്ത്രിപദം ഒഴിയേണ്ടിവന്നയാളാണ് സുവെല്ല. പേഴ്സണൽ ഇ-മെയിൽ വിലാസത്തിലൂടെ ഒരു പാർലമെന്റ് അംഗത്തിന് ഔദ്യോഗിക രേഖകൾ അയച്ചതായിരുന്നു ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭയിൽ നിന്നും പുറത്തേക്കുള്ള വഴി തെളിച്ചത്. എന്നാൽ 45 ദിവസത്തെ ലിസ് ട്രസ്സ് ഭരണത്തിനു ശേഷം ഋഷി സുനക് അധികാരത്തിലെത്തിയപ്പോൾ സുവെല്ലയെ വീണ്ടും ഹോം സെക്രട്ടറിയാക്കി. പാർട്ടിയിലെ തീവ്ര വലതുപക്ഷവിഭാഗത്തിന്റെ ഉറച്ച പിന്തുണയാണ് സുവെല്ലയെ വീണ്ടും അധികാരക്കസേരയിൽ എത്തിച്ചത്. ഒപ്പം ഋഷിയോടുള്ള വ്യക്തിപരമായ അടുപ്പവും തുണയായി.
പിന്നീട് അഭയാർഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതു സംബന്ധിച്ചും അനധികൃത കുടിയേറ്റം സംബന്ധിച്ചും പാതയോരങ്ങളിൽ അന്തിയുറങ്ങുന്നവരെക്കുറിച്ചുമെല്ലാം ഒട്ടേറെ വിവാദ പരാമർശങ്ങൾ നടത്തിയ സുവെല്ല എന്നും വാർത്തകളിൽ നിറഞ്ഞുനിന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഹോം സെക്രട്ടറി പദവിയിൽ ഈ യുവ നേതാവിനെ വ്യത്യസ്തയാക്കിയത്.
എന്നാൽ നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ സുവെല്ലയ്ക്കും പിടിച്ചു നിൽക്കാനായില്ല. ഹമാസ് ആക്രമണത്തിനെതിരേ തിരിച്ചടിച്ച് ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ചതാണ് ബ്രിട്ടനിലെ പലസ്തീൻ അനുകൂല പ്രകടനങ്ങൾ.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇസ്രയേലിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് ബ്രിട്ടനുള്ളത്. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ബ്രിനൺ അവരെ പിന്തുണയ്ക്കുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പരോക്ഷമായി ഹമാസിനെ പിന്തുണയ്ക്കുന്ന രീതിയിൽ ആഴ്ചകളായി ബ്രിട്ടനിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുന്നു. ഇതിന് നിരോധനം ഇല്ലെങ്കിലും റാലിയ്ക്കിടെ ഹമാസ് അനുകൂല പ്ലക്കാർഡുകൾ ഉയർത്തുന്നവർക്കെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കുന്നവർക്കെതിരേയും കേസടുക്കുന്നുണ്ട്.
ആദ്യ ആഴ്ചയിൽ ചെറിയ ഐക്യദാർഢ്യ റാലിയായി തുടങ്ങിയ പലസ്തീൻ മാർച്ച് ഓരോ ആഴ്ച പിന്നിടുമ്പോഴും ശക്തിയാർജിച്ചു വരികയാണ്. സർക്കാർ കണക്കുപ്രകാരം ലണ്ടനിൽ മാത്രം കഴിഞ്ഞ ശനിയാഴ്ചത്തെ മാർച്ചിൽ പങ്കെടുത്തത് മൂന്നു ലക്ഷം പേരാണ്. വരും ആഴ്ചകളിൽ ഇത് ഇനിയും ഏറെ ലക്ഷങ്ങളായി ഉയരുമെന്നും കൂടുതൽ നഗരങ്ങളിലേക്ക് ഐക്യദാർഢ്യ റാലികൾ വ്യാപിപ്പിക്കുമെന്നുമാണ് സംഘാടകരുടെ പ്രഖ്യാപനം. ഈ റാലിയെയാണ് സുവെല്ല ‘ഹെയ്റ്റ് മാർച്ചായി’ വിശേഷിപ്പിച്ചതും വലിയ വിവാദത്തിന് വഴിവച്ചതും. (There’s only one way to describe those marches: they are hate marches) ഇതായിരുന്നു സുവെല്ലയുടെ വാക്കുകൾ. യുദ്ധവീരന്മാരെ അനുസ്മരിക്കുന്ന റിമെംബറൻസ് വാരാന്ത്യത്തിൽ ഉൾപ്പെടെ ഇത്തരം റാലികളുമായി നഗരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിനെ വിമർശിച്ചായിരുന്നു പലസ്തീൻ റാലിയെ ഹെയ്റ്റ് റാലിയെന്ന് സുവെല്ല വിശേഷിപ്പിച്ചത്. റാലികൾ തടയാൻ പൊലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാരോടെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും വിമർശിച്ച് റാലിയ്ക്കെതിരേ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്നതായും വിമർശനം ഉയർന്നു. ഇതാണ് ഒടുവിൽ സുവെല്ലയുടെ രാജി ചോദിച്ചു വാങ്ങുന്നതിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടെത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു