ആലപ്പുഴ: അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ(5) യാണ് കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
read also പ്രാഥമിക പരീക്ഷ ഇല്ല; എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം 30ന്
സഹപാഠികളായ കുട്ടികള്‍ ഡോക്യുമെന്ററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മറ്റൊരു സഹപാഠിയുടെ അമ്മയുടെ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
അതേസമയം സ്‌കൂട്ടറല്ല, പിന്നില്‍ ഇരുന്നയാളുടെ കാലാണ് കുട്ടിയുടെ ദേഹത്തു തട്ടിയതെന്ന് കുട്ടികള്‍ പൊലീസിനോടു പറഞ്ഞു. അപകട വിവരം വീട്ടില്‍ അറിയിക്കാതിരുന്ന കുട്ടികള്‍ ഇന്നലെ രാവിലെ വാര്‍ത്ത കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സത്യം പറഞ്ഞത്. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെന്നു വീട്ടുകാര്‍ പറഞ്ഞു.