വത്തിക്കാന്‍ സിറ്റി: ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും, യുദ്ധം അവസാനിപ്പിക്കണമെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
“മതി, മതി സഹോദരന്മാരെ, മതി”, ഗസ്സ മുനമ്പിൽ പരിക്കേറ്റവരെ ഉടൻ പരിചരിക്കണമെന്നും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും സംഘർഷം വ്യാപിക്കാതിരക്കട്ടെയെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
”ഇസ്രയേലിലെയും ഫലസ്തീനിലെയും ഗുരുതരമായ സാഹചര്യങ്ങളിലേക്കാണ് നമ്മുടെ ചിന്തകൾ ഓരോ ദിവസവും തിരിയുന്നത്. ഫലസ്തീനികൾ, ഇസ്രായേലികൾ, ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ഒപ്പമാണ് ഞാന്‍. ആയുധങ്ങൾ കളയൂ. അവ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല, സംഘർഷം പടരാതിരിക്കട്ടെ! മതി! മതി സഹോദരന്മാരേ! മതി!” പോപ്പ് പറയുന്നു.
ഏത് മതവിഭാഗത്തില്‍ പെട്ടയാളാണെങ്കിലും അവരെല്ലാം പവിത്രമാണ്. ദൈവത്തിന്റെ കണ്ണില്‍ വിലപ്പെട്ടവരാണ്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. നമുക്ക് പ്രത്യാശ നഷ്ടപ്പെടാതിരിക്കട്ടെ. ഹൃദയകാഠിന്യത്തേക്കാൾ മാനവികതയുടെ ഒരു ബോധം നിലനിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം, അശ്രാന്തമായി പ്രവർത്തിക്കാം…മാര്‍പാപ്പ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു