വെളുപ്പിനെ ഉറക്കം പോകുമെന്ന് പലരും പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. ഇതൊക്കെ സാധാരണമാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ വെളുപ്പിന് ഒരു മണിക്കും നാല് മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ ആരോഗ്യം പരിശോധിക്കാന്‍ സമയമായെന്നാണ് അര്‍ഥമെന്നാണ് മുന്നറിയിപ്പ്.
ഫാറ്റി ലിവര്‍ ഡിസീസ് പോലെ കരളില്‍ കൊഴുപ്പടിയുന്ന രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളെന്നാണ് ഗവേഷകര്‍ പറയുന്നത്. വെളുപ്പിനെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് ശരീരത്തെ ശുദ്ധീകരിക്കുന്ന കഠിനമായ ജോലിയില്‍ കരള്‍ ഏര്‍പ്പെടുന്നത്. കരളില്‍ കൊഴുപ്പടിയുന്നതോടു കൂടി ഈ പ്രവര്‍ത്തനം മന്ദീഭവിക്കും.
ഇതോടെ ശരീരത്തെ വിഷമുക്തമാക്കാന്‍ കൂടുതല്‍ ഊര്‍ജം ചെലവിടേണ്ടി വരം. ഇങ്ങനെ ശരീരം അധിക ഊര്‍ജ്ജം വിനിയോഗിക്കുമ്പോള്‍ അത് നാഡീവ്യൂഹസംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുമെന്നാണ് ജേണല്‍ ഓഫ് നേച്ചര്‍ ആന്‍ഡ് സയന്‍സ് ഓഫ് സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
കരള്‍ സംബന്ധമായ രോഗമുള്ളവരില്‍ 60-80 ശതമാനം പേരെയും ഉറക്കപ്രശ്നങ്ങള്‍ അലട്ടാറുണ്ടെന്ന് മറ്റൊരു ഗവേഷണറിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഉറക്കമില്ലായ്മ, നല്ല ഉറക്കം ലഭിക്കാതെയാകുക, പകല്‍ ഉറക്കം തൂങ്ങല്‍ എന്നിവയും എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന റെസ്റ്റ്‌ലസ് ലെഗ് സിന്‍ഡ്രോമും കരള്‍ രോഗികളില്‍ കാണപ്പെടാറുണ്ട്. അമിതഭാരം, ടൈപ്പ് 2 പ്രമേഹം, രക്തത്തിലെ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത്, തൈറോയ്ഡ് പ്രശ്നവുമെല്ലാം കരള്‍ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു