തിരുവനന്തപുരം: എൻ ഭാസുരാംഗൻ മുപ്പത് വർഷം മുമ്പ് കണ്ടല ബാങ്കിൽ ക്രമക്കേട് നടത്തിയതിൻ്റെ തെളിവുകൾ പുറത്ത്. 1993 ൽ നടത്തിയ ക്രമക്കേടിൽ സഹകരണ വകുപ്പ് സർ ചാർജ് ചുമത്തിയെങ്കിലും എൽഡിഎഫ് സർക്കാർ അത് റദ്ദാക്കി. അന്ന് കോൺഗ്രസ് നേതാവായിരുന്ന ഭാസുരാംഗന് വേണ്ടി സിപിഐഎം നേതാക്കളിടപെട്ടാണ് പിഴയിൽ നിന്ന് ഒഴിവാക്കിക്കൊടുത്തത്. അന്ന് 12000 രൂപയുടെ ക്രമക്കേടായിരുന്നു എങ്കിൽ ഇന്നത് 101 കോടി രൂപയിലെത്താൻ കാരണം സിപിഐഎം നേതൃത്വം കൂടിയാണ്.
90 കളിൽ തന്നെ എൻ ഭാസുരാംഗൻ കണ്ടല ബാങ്കിൻ്റെ പ്രസിഡണ്ടായിരുന്നു. 1993 ൽ, മുപ്പത് വർഷം മുമ്പ് സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ നാല് ദിവസ വേതനക്കാരെ അനധികൃതമായി നിയമിച്ചു. കൂടാതെ നാഫെഡ് വഴി കൊപ്ര സംഭരണത്തിനായുള്ള കൊപ്ര ഡ്രയർ സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ പൊളിച്ചുവിറ്റു.
സിപിഐഎം മാറനെല്ലൂർ ലോക്കൽ കമ്മിറ്റി നേതാവ് പരാതി കൊടുത്തു. 1994 ൽ സഹകരണ വകുപ്പ് അന്വേഷണം നടത്തി. ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതായി സഹകരണ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നഷ്ടം തിട്ടപ്പെടുത്തുന്ന സഹകരണ വകുപ്പ് 68 വകുപ്പ് പ്രകാരം സർ ചാർജ് ചുമത്തി ഉത്തരവായി. എൻ ഭാസുരാംഗനും ആറ് ഭരണ സമിതി അംഗങ്ങളുമടക്കം 12803 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്. അപ്പോഴേക്ക് നാല് വർഷം കഴിഞ്ഞിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലുമെത്തി.
കോൺഗ്രസ്സ് നേതാവായിരുന്ന എൻ ഭാസുരാംഗൻ അന്ന് സിപിഐഎം നേതാക്കളെ സ്വാധീനിച്ച് സർക്കാരിൽ ഇടപെട്ടു. അങ്ങനെ എൽഡിഎഫ് സർക്കാർ 1997 ഒക്ടോബർ 10 ന് സർ ചാർജ് പിൻവലിച്ച ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. അന്ന് വെറും 12000 രൂപ ആയിരുന്നു എങ്കിൽ ഇന്ന് മുപ്പത് വർഷത്തിനിപ്പുറം 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടലയിൽ നടന്നത്. അന്ന് സിപിഐഎം നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ ഭാസുരാംഗനെതിരെ കടുത്ത നടപടി എടുത്ത് കണ്ടല ബാങ്കിനെ നിരീക്ഷിച്ചിരുന്നു എങ്കിൽ കണ്ടല ബാങ്ക് തകരില്ലായിരുന്നു. അന്ന് അനധികൃതമായി നിയമിച്ചു എന്ന് കണ്ടെത്തിയിട്ടും നാല് പേരും പിന്നീട് ജോലിയിൽ തുടർന്നു. ഒന്നും സംഭവിച്ചില്ല. കൊപ്ര ഡ്രയർ പൊളിച്ച് വിറ്റതിൽ വേറെ ഒരു നടപടിയും ഉണ്ടായില്ല. മുപ്പത് കൊല്ലം മുമ്പ് തന്നെ ഭാസുരാംഗന് അറിയാമായിരുന്നു, എങ്ങനെ തട്ടിപ്പ് നടത്തണമെന്ന്.
മുതിർന്ന മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസ് അന്തരിച്ചു
മുപ്പത് വർഷം മുമ്പ് തന്നെ ഭാസുരാംഗൻ തുടങ്ങിയ തട്ടിപ്പിന് അന്നത്തെ സർക്കാർ ഒത്താശ നൽകിയതാണ് ഇത്ര വലിയ പതനം കണ്ടല ബാങ്കിനുണ്ടാവാൻ കാരണം. അന്ന് കോൺഗ്രസ്സുകാരനായ ഭാസുരാംഗൻ സിപിഐഎം നേതാക്കളെ കുപ്പിയിലാക്കിയത് പോലെ തന്നെ ഇന്നും ചെയ്യുന്നു. അതുവഴി കോടികളുടെ വെട്ടിപ്പും നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു