ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് മലയാളിയടക്കം എട്ടുപേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അവരുടെ കുടുംബത്തെ കണ്ടു. സാധ്യമായ എല്ലാ പിന്തുണയും തുടർന്നും മന്ത്രാലയം നൽകുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ എട്ടുപേരും ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്.
ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷം 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നു. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. നവ്തേജ് സിങ് ഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്.
ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണു സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു