ഡൽഹി: രാജ്യത്തെ ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും എതിരായ വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് മേൽനോട്ട ചുമതല നൽകി സുപ്രീം കോടതി. ഇതിനായി ഏഴ് സുപ്രധാന നിർദ്ദേശങ്ങളും സുപ്രീം കോടതി ഉത്തരവിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങൾക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
ഇത്തരം കേസുകളുടെ നേരത്തെയുള്ള തീർപ്പാക്കലിനെ സ്വാധീനിക്കുന്ന ഒന്നിലധികം ഘടകങ്ങൾ ഉണ്ടെന്നാണ് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി വിചാരണ കോടതികൾക്ക് ഒരു ഏകീകൃത മാർഗ്ഗനിർദ്ദേശം രൂപീകരിക്കുന്നത് സുപ്രീം കോടതിയെ ബുദ്ധിമുട്ടിലാക്കിയെന്നും ബെഞ്ച് വ്യക്തമാക്കി.
തങ്ങളുടെ അധികാരപരിധിക്കുള്ളിലുള്ള നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഹൈക്കോടതികൾ സമർപ്പിച്ച സത്യവാങ്മൂലം ബെഞ്ച് പരിശോധിച്ചു. ഹൈക്കോടതികൾ ഈ വിഷയങ്ങൾ ഭരണപരവും ജുഡീഷ്യൽ പക്ഷത്തും നിന്നാണ് കൈകാര്യം ചെയ്തുവരുന്നത്. ഹൈക്കോടതികൾ ഓരോന്നിലും ഇടപെടുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ആർട്ടിക്കിൾ 227 പ്രകാരം വിചാരണ കോടതികളെ നിയന്ത്രിക്കാനുള്ള അധികാരം ഹൈക്കോടതികൾക്കാണ്. ഇത്തരം കേസുകൾ നിരീക്ഷിക്കുന്നതിനായി എന്തെല്ലാം രീതികളാണ് വേണ്ടതെന്നത് സംബന്ധിച്ച് ഫലപ്രദനമായ തീരുമാനമെടുക്കാൻ ഹൈക്കോടതികൾക്ക് തന്നെ സാധിക്കും.
കൈക്കൂലി ആരോപണം, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്തേക്കും; ഇന്ന് നിർണായക ചർച്ച
ഇത്തരം കേസുകളുടെ വിചാരണ മോണിറ്റർ ചെയ്യാനായി ഏഴ് നിർദ്ദേശങ്ങളാണ് സുപ്രീം കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരം കേസുകളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്വമേധയാ കേസെടുക്കാനും, എംപിമാർക്കും എംഎൽഎമാർക്കുമുള്ള പുനർ നിർമ്മിച്ച കോടതികൾ (Re designated courts for MPs, MLAs’) എന്ന പേരിൽ കേസ് വേഗത്തിൽ തീർപ്പാക്കാനും സാധിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ അദ്ദേഹം നിയോഗിക്കുന്ന ബെഞ്ചിനോ മാത്രമെ കേസ് പരിഗണിക്കാനാകൂ.
സ്വമേധയാ കേസ് കേൾക്കുന്ന പ്രത്യേക ബെഞ്ചിന് ആവശ്യമെന്ന് തോന്നിയാൽ കൃത്യമായ ഇടവേളകളിൽ കേസ് പരിഗണിക്കാം. ഇത്തരം കേസുകൾ വേഗത്തിലും കാര്യക്ഷമമായും തീർപ്പാക്കുന്നതിന് ആവശ്യമായ ഉത്തരവുകളോ നിർദ്ദേശങ്ങളോ ഹൈക്കോടതിക്ക് പുറപ്പെടുവിക്കാം. കോടതിയെ സഹായിക്കാൻ അഡ്വക്കേറ്റ് ജനറലിനെയോ പബ്ലിക് പ്രോസിക്യൂട്ടറെയോ വിളിക്കുന്നതും പ്രത്യേക ബെഞ്ചിന് പരിഗണിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു