തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വനിത കമ്മിഷന്‍ ഒന്‍പത് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു

തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിത കമ്മിഷന്‍ ഒന്‍പത് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ആദ്യ ക്യാമ്പ് നവംബര്‍ ഒന്‍പതിനും പത്തിനും കൊല്ലം ജില്ലയിലെ തീരദേശ മേഖലയില്‍ നടക്കും. ക്യാമ്പിന്റെ ഭാഗമായി ഗാര്‍ഹിക പീഡന നിരോധന നിയമം 2005 എന്ന വിഷയത്തില്‍ പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ നവംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സെമിനാര്‍ വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. കൊല്ലം വനിതാ സംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി ക്ലാസ് നയിക്കും.

   

നവംബര്‍ 10ന് രാവിലെ 8.30ന് തീരദേശ മേഖലയില്‍ വനിത കമ്മിഷന്റെ സന്ദര്‍ശനം. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശേരി മൂതാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി യോഗം ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. കൊല്ലം എംഎല്‍എ എം. മുകേഷ് വിശിഷ്ടാതിഥിയാകും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ.ടി.കെ. ആനന്ദി ചര്‍ച്ച നയിക്കും.
 
മറ്റു മേഖലകളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ സ്ത്രീകള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍, ഗാര്‍ഹിക പീഡനം, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള അപര്യാപ്തതകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തീരദേശ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവിടുത്തെ ഭൗതിക, സാമൂഹ്യ സാഹചര്യങ്ങളും നേരിട്ടു മനസിലാക്കുന്നതിനായി ക്യാമ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു