ഡൽഹി: ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭ എംപി പദവിയിൽ നിന്ന് പുറത്താക്കാനായി ലോക്സഭ എത്തിക്സ് കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാനാണ് എത്തിക്സ് കമ്മിറ്റി ഇന്ന് യോഗം ചേരുക. തുടർന്ന് കരട് റിപ്പോർട്ടിലെ നിർദ്ദേശം ലോക്സഭാ സ്പീക്കർക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.
മഹുവാ മൊയ്ത്രയ്ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ ഉന്നയിച്ച കാഷ് ഫോർ ക്വറി (സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പണം വാങ്ങിച്ചുവെന്ന) ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ കരട് റിപ്പോർട്ടിലാണ് ഈ ശുപാർശ എന്നറിയുന്നു. 500 പേജുള്ള കരട് റിപ്പോർട്ട് ലോക്സഭ എത്തിക്സ് കമ്മിറ്റി തയ്യാറാക്കിയെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പാർലമെന്ററി കമ്മിറ്റികളുടെ നടപടികളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാത്തതിനും, 275ാം വകുപ്പ് പ്രകാരമുള്ള ലോക്‌സഭാ നടപടിക്രമങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനും ബി എസ് പി എംപി ഡാനിഷ് അലിക്ക് താക്കീത് നൽകാൻ നിർദ്ദേശിക്കുന്നതായും കരട് റിപ്പോർട്ടിൽ ശുപാർശയുണ്ട്. കഴിഞ്ഞ യോഗത്തിൽ പാനൽ ചെയർമാൻ വിനോദ് കുമാർ സോങ്കറിന്റെ ചോദ്യം ചെയ്യലിനെ എതിർത്ത അലി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ പേരുകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള, 15 അംഗ സമിതിയുടെ ശുപാർശകളോട് പാനലിലെ പ്രതിപക്ഷ അംഗങ്ങൾ വിയോജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊയ്‌ത്രയും മറ്റ് അഞ്ച് പ്രതിപക്ഷ അംഗങ്ങളും – ഡാനിഷ് അലി, കോൺഗ്രസിലെ ഉത്തംകുമാർ റെഡ്ഡി, വി വൈത്തിലിംഗം, സിപിഎമ്മിന്റെ പിആർ നടരാജൻ, ജെഡിയുവിന്റെ ഗിരിധാരി യാദവ് എന്നിവരും നവംബർ രണ്ടിന് നടന്ന പാനൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തെലങ്കാനയിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതിനാൽ നവംബർ ഒമ്പതിന് നടക്കുന്ന യോഗം മാറ്റിവെക്കാൻ പാനൽ ചെയർമാൻ സോങ്കറിന് കത്തെഴുതിയതായി നൽഗൊണ്ടയിൽ നിന്നുള്ള കോൺഗ്രസ് എംപി റെഡ്ഡി പറഞ്ഞു.
തെലങ്കാനയിൽ നിന്ന് ഒരു കോൺഗ്രസ് അംഗം നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് പോകുന്നതിനാൽ, പ്രതിപക്ഷത്തിന്റെ എണ്ണം കുറയ്‌ക്കുന്നതിനായി സമിതിയുടെ യോഗം നവംബർ 6 മുതൽ നവംബർ 9 വരെ പുനഃക്രമീകരിച്ചതായി, മൊയ്ത്ര ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു. അതേസമയം, മൊയ്‌ത്രയ്‌ക്കെതിരായ തന്റെ പരാതി ലോക്പാൽ അന്വേഷണത്തിനായി സിബിഐക്ക് കൈമാറിയതായി ബി ജെ പി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടു.
മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം നവംബർ 13 വരെ നീട്ടി
കഴിഞ്ഞ മാസമാണ് മഹുവാ മൊയ്‌ത്രയുമായി ബന്ധപ്പെട്ട കാഷ് ഫോർ ക്വറി ആരോപണങ്ങൾ ഉയർന്നത്. ഹിരാനന്ദാനി ഗ്രൂപ്പിന്റെ താൽപര്യം സംരക്ഷിക്കാൻ മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബി ജെ പിയുടെ എം പി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയ്ക്കും, ലോക്‌സഭയിലേക്കുള്ള മൊയ്‌ത്രയുടെ ലോഗിൻ ക്രെഡൻഷ്യലുകളുടെ ഐപി വിലാസങ്ങൾ മറ്റാരെങ്കിലും ആക്‌സസ് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിനും കത്ത് നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു