മോനിപ്പള്ളി ഊരാളിൽ വീട്ടിൽ തോരാതെ പെയ്യുന്ന കണ്ണീർമഴയ്ക്ക് അൽപമൊരു ആശ്വാസമാണ് മെറിൻ ജോയിയുടെ ഘാതകന് യുഎസ് കോടതി വിധിച്ച ശിക്ഷ. മെറിന്റെ ഭർത്താവ് ഫിലിപ് എന്ന നെവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
∙ നൊമ്പരമായി നോറ
കേസിൽ ശിക്ഷ വരുമ്പോൾ എല്ലാവരുടെയും നൊമ്പരമാകുകയാണ് ഫിലിപ്പിന്റെയും മെറിന്റെയും മകൾ നോറ. മെറിൻ കൊല്ലപ്പെടുമ്പോൾ നോറയ്ക്ക് രണ്ടു വയസ്സായിരുന്നു പ്രായം. കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്കു മുൻപ് മെറിൻ വീട്ടിലേക്കു വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകൾ നോറയുടെ കുസൃതികൾ കണ്ടു.
പിന്നാലെ വീട്ടുകാർ കേട്ടത് ക്രൂരകൃത്യത്തിന്റെ നടുക്കുന്ന വാർത്തയായിരുന്നു. പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടെയും മേഴ്സിയുടെയും മൂത്ത മകളാണ് യുഎസിലെ മയാമിയിൽ നഴ്സായിരുന്ന മെറിൻ. പഠനത്തിൽ മിടുക്കിയായിരുന്ന മെറിൻ 2016 ലാണ് വെളിയനാട് സ്വദേശി ഫിലിപ്പിനെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷമാണ് മെറിൻ യുഎസിലേക്ക് പോയത്. കൊല്ലപ്പെടുന്നതിനു മാസങ്ങൾക്കു മുൻപു തന്നെ ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
∙ ഫിലിപ്പിനു കുരുക്കായത് സിസിടിവി ദൃശ്യങ്ങൾ
മെറിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് ഫിലിപ് മാത്യു 45 മിനിറ്റോളം കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് കേസിൽ നിർണായകമായത്. ദൃക്സാക്ഷിയെ ഫിലിപ് ഭീഷണിപ്പെടുത്തി. ഇയാളാണ് കാറിന്റെ ഫൊട്ടോയെടുത്ത് പൊലീസിനെ വിവരം അറിയിച്ചത്. കുത്തിയതു ഭര്‍ത്താവാണെന്ന് മെറിന് പറയുന്നത് പൊലീസ് ചിത്രീകരിച്ചിരുന്നു. ഇതും കേസിൽ നിർണായകമായി.
കരുതിക്കൂട്ടിയുള്ള കൊലയല്ലെന്ന് ഫിലിപ്പിന്റെ അഭിഭാഷകന് ഒരുഘട്ടത്തിൽ വാദിച്ചിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കോടതിയിൽ പറഞ്ഞെങ്കിലും പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് കോടതിയിൽ തെളിഞ്ഞതും ഫിലിപ്പിനു തിരിച്ചടിയായി. ഇയാളെ മാനസിക പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
∙ എംബാം ചെയ്യാൻ കഴിയില്ല, സംസ്കരിച്ചത് റ്റാംപയിൽ
യുഎസിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിലായിരുന്നു മെറിന്റെ സംസ്കാരം. പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ടായിരുന്നു. ഇവരാണ് സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് നാട്ടിലേക്കു കൊണ്ടുവരാനാകാതെ അവിടെത്തന്നെ സംസ്കരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു