മാധ്യമസ്ഥാപനത്തിന്റെ മത്സരത്തിന് കൂട്ട് പിടിക്കേണ്ടവരല്ല മാധ്യമപ്രവർത്തകരെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത. കേരള നിയമസഭാ പുസ്തകോത്സവത്തിനോട് അനുബന്ധിച്ച് ‘വാർത്തകളിലെ വാസ്തവം’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. മാധ്യമപ്രവർത്തകരായ ടി.എം. ഹർഷൻ, സനീഷ് ഇളയിടത്ത്, അനിൽ നമ്പ്യാർ, മനീഷ് നാരായണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വാർത്തകൾ വസ്തുതകളായി മാത്രം അവതരിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് എം.വി. വിനീത പറഞ്ഞു. വാർത്തകൾ വളച്ചൊടിക്കപ്പെടുകയും, വാർത്ത നൽകുന്നതിന് അനാവശ്യ തിടുക്കം കാണിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമപ്രവർത്തനം ഇടർച്ചകളിലേക്ക് നീങ്ങുന്നത്. രണ്ടു മിനുട്ട് വൈകിയാലും വസ്തുതാപരമായ വാർത്ത മതി എന്ന് തീരുമാനിക്കുന്ന പത്രാധിപർ ഉള്ള മാധ്യമസ്ഥാപനങ്ങൾക്കേ ഈ അവസ്ഥയിൽ മാറ്റം കൊണ്ട് വരാനാകൂ. നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ പലസ്തീൻ വിഷയം കൈകാര്യം ചെയ്തതിലും എത്രയോ കുറച്ചാണ് മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തതെന്ന് വിനീത ചൂണ്ടിക്കാട്ടി. കേരളത്തിലും സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കാനും നൽകാനും നിയന്ത്രണങ്ങളുണ്ട്. മാധ്യമപ്രവർത്തനം കേവലം ഒരു തൊഴിലോ പ്രകടനമോ അല്ല, സാമൂഹ്യപ്രവർത്തനം കൂടിയാണ് എന്ന് തിരിച്ചറിയുമ്പോഴേ ഈ രംഗത്ത് ഇന്നുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും വിനീത ഓർമപ്പെടുത്തി.
ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുന്ന സമീപനമാണ് ഇന്ത്യയിലെ ഭൂരിഭാഗം മാധ്യമങ്ങളും ഇന്ന് സ്വീകരിച്ചിട്ടുള്ളതെന്ന് ടി.എം. ഹർഷൻ പറഞ്ഞു. വലിയൊരു വ്യവസായ മേഖലയായി ഇന്ത്യയിലെ മാധ്യമപ്രവർത്തനം മാറി. വസ്തുതകൾക്ക് അപ്പുറത്തേക്കുള്ള ഇടപെടലുകൾ നടത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകുന്നതിന് ഇതൊരു കാരണമായി. അദാനിക്കെതിരെയോ രാജീവ് ചന്ദ്രശേഖരനെതിരെയോ വാർത്ത നൽകുന്ന മാധ്യമങ്ങളെ ഭരണകൂടം ആക്രമിക്കുന്നു. അടിയന്തരാവസ്ഥയെക്കാൾ മോശമായ അവസ്ഥയാണ് ഇന്ന് മാധ്യമങ്ങൾ നേരിടുന്നത്. ഭീകരാക്രമണം എന്ന പദത്തെ മുസ്ലിംഭീകരത എന്ന് മാത്രമായി മുദ്രകുത്തുന്നതിലാണ് പ്രശ്നമെന്നും ഹർഷൻ പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രത്തിന് ആഹ്വാനം ചെയ്യുന്നവരുടെ മൈക്ക് സെറ്റുകൾ മാത്രമായി ഇന്ന് മാധ്യമപ്രവർത്തകർ മാറിയെന്ന് സനീഷ് ഇളയിടത്ത് അഭിപ്രായപ്പെട്ടു. നല്ല മാധ്യമസ്വാതന്ത്ര്യമുള്ള നാടാണ് കേരളം. പ്രധാനമന്ത്രിയെ വിമർശിക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇവിടെ മാധ്യമങ്ങൾ പിണറായി വിജയനെയും സിപിഐഎമ്മിനെയും വിമർശിക്കുന്നത്. പല രാഷ്ട്രീയ പ്രവർത്തകരെയും വ്യക്തിപരമായി പോലും അതിരൂക്ഷമായി വിമർശിക്കുന്നു. മുൻപ് ചവറ്റു കൊട്ട എഡിഷനായി മാറ്റി വച്ചിരുന്നവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ഭരണഘടനയാണ് മാധ്യമപ്രവർത്തകരുടെ നിയമപുസ്തകമാകേണ്ടത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശക്തികൊണ്ടാണ് കേരളം പൂർണ്ണമായും വിഷലിപ്തമല്ലാതായതെന്നും സനീഷ് പറഞ്ഞു.
പരിമിതികളിൽ നിന്ന് കൊണ്ട് എത്രത്തോളം ശുദ്ധമായ വാർത്ത കൊടുക്കാൻ കഴിയുമെന്നാണ് മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതെന്ന് അനിൽ നമ്പ്യാർ പറഞ്ഞു. വാർത്തയുടെ നൂറുശതമാനം ആധികാരികത ഉറപ്പിച്ച് വാർത്ത നൽകാൻ വലിയ പ്രതിസന്ധികളുണ്ട്. കേരളത്തിലും മാധ്യമപ്രവർത്തകരുടെ വായ്മൂടിക്കെട്ടുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വാസ്തവം പലപ്പോഴും ബോധ്യപ്പെടുത്താൻ മാധ്യമപ്രവർത്തകർക്ക് കഴിയില്ല. പൊതുജനങ്ങളാണ് ഏതു വാർത്ത തിരഞ്ഞെടുക്കണമെന്നത് തീരുമാനിക്കേണ്ടതെന്നും അനിൽ നമ്പ്യാർ അവകാശപ്പെട്ടു.
2014 നു ശേഷം രാജ്യത്ത് സംഘപരിവാറിന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന മാധ്യമപ്രവർത്തനമാണ് നടക്കുന്നതെന്ന് മനീഷ് നാരായണൻ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെയും പരസ്യദാതാക്കളുടെയും താല്പര്യത്തിന് അനുസരിച്ചാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. മികച്ച ഒരു കച്ചവട രൂപമായാണ് മാധ്യമങ്ങളെ ഇന്ന് കാണുന്നത്. പരസ്യദാതാക്കളോടുള്ള തീവ്രമായ വിധേയത്വം പ്രകടിപ്പിക്കലായി ഇന്നത്തെ മാധ്യമപ്രവർത്തനം മാറിയെന്നും മനീഷ് നാരായണൻ പറഞ്ഞു.
എ.എം. ഷിനാസ് മോഡറേറ്ററായി. സത്യത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഭാഷ്യം അവതരിപ്പിക്കാനാണ് മാധ്യമപ്രവർത്തകർ ശ്രമിക്കേണ്ടതെന്ന് ഷിനാസ് പറഞ്ഞു. ഭരണകൂടം ഏറ്റവും വലിയ പത്രാധിപരായി വർത്തിക്കുന്ന ഈ കാലത്ത് മാധ്യമസ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഏറ്റ ക്ഷതം അഭിസംബോധന ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനത്തിലെ മത – വർഗീയ – കോർപറേറ്റ് ശക്തികളുടെ സ്വാധീനം, സാമൂഹ്യനീതിയിലെ പക്ഷപാതങ്ങൾ, വാർത്തകളെ ഉദ്വോഗജനകമാക്കൽ തുടങ്ങിയവയും ചർച്ചയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു