തിരുവനന്തപുരം: കേരളത്തിലെ ഏത് ഗ്രാമത്തിലും നൂതന സാങ്കേതികവിദ്യാ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യാൻ നൈപുണ്യവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ മന്ത്രിമാരായ വി.എൻ വാസവൻ, കെ. കൃഷ്ണൻ കുട്ടി, ഡോ. ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുത്ത പാനൽ ചർച്ചയിൽ അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു ധനമന്ത്രി.
ലോകവുമായി കേരളത്തിന് വലിയ ബന്ധമാണുള്ളതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മികവ് കൊണ്ടാണ് ലോകത്ത് എവിടെയും പോയി ജോലി ചെയ്യാൻ യുവാക്കൾ പ്രാപ്തരായത്. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഈ യുവാക്കളെ തിരികെ കേരളത്തിലെത്തിക്കാനുള്ള വികസനമാണ് സാധ്യമാക്കേണ്ടത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ആറുവരി ദേശീയപാത, റയിൽവെ വികസനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ കേരളത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങളുടെ ഇടെപടൽ കൊണ്ട് ഏതെങ്കിലും ഒരു പദ്ധതിയിൽ നിന്ന് പിന്തിരിയുന്ന സമീപനം ഈ ഗവൺമെന്റിനില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പ്രഖ്യാപിച്ചത് നടപ്പിലാക്കുകയും നടപ്പിലാക്കാൻ കഴിയുന്നത് മാത്രം പ്രഖ്യാപിക്കുന്നതുമായ ഒരു സർക്കാരാണ് ഇപ്പോഴുള്ളതെന്ന് മോഡറേറ്ററുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
ഫയൽ ആദ്യം മടക്കുകയും പിന്നീട് റീഓപ്പൺ ചെയ്ത് കർഷകരുമായി നടത്തിയ ചർച്ചയ്ക്കുശേഷം അവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ വർധിപ്പിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കൂടംകുളമെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഇന്ന് 400 മെഗാവാട്ട് വൈദ്യുതി അവിടെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗെയിൽ പദ്ധതി, തീരദേശ ഹൈവേ, കെഫോൺ തുടങ്ങി കേരളത്തിൽ നടപ്പാകില്ലെന്ന് പ്രചാരണം നടത്തിയ പദ്ധതികളെല്ലാം കേരളത്തിൽ വികസന വിസ്മയങ്ങളാവുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഒരു മേഖലയിൽ മാത്രം കേന്ദ്രീകരിച്ചുള്ള വികസനമല്ല കേരളത്തിൽ നടക്കുന്നത്. ഉല്പാദനം, പശ്ചാത്തല വികസനം, സേവനം തുടങ്ങി എല്ലാ മേഖലയിലും ഊന്നിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്. സഹകരണ മേഖലയിൽ മാത്രം 412 മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോശ്രീ പാലം നിർമ്മിക്കാൻ പണം നൽകിയത് സഹകരണ മേഖലയാണ്. ആതുര സേവന രംഗത്ത് 208 സഹകരണ ആശുപത്രികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏത് വികസനത്തിനും പ്രധാനം ഊർജ്ജമാണെന്നും മുൻപ് കേരളത്തിൽ ഊർജ്ജോത്പാദനത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. നമുക്ക് ആവശ്യമുള്ളതിന്റെ മുപ്പത് ശതമാനം ഊർജ്ജം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. എന്നാൽ ഈ മേഖലയിൽ വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ ഹരിത ഊർജ്ജം, തോറിയത്തിലൂടെയുള്ള ഊർജോത്പാദനം, ജലസേചനം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് വലിയ സാധ്യതകളുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലസേചനരംഗത്ത് കൂടുതൽ പദ്ധതികൾ കൊണ്ടുവന്നാൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് മികച്ച പരിഗണനയും സ്ഥാനവുമാണ് സർക്കാർ നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മാൻഹോളുകൾ വൃത്തിയാക്കുന്നതിന് ഉൾപ്പടെ ഇന്ന് റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ, വൈജ്ഞാനിക സമൂഹം എന്നീ ലക്ഷ്യങ്ങളിലേക്കുള്ള കേരളത്തിന്റെ യാത്ര മികച്ച രീതിയിൽ അടയാളപ്പെടുത്തുന്നതാണ് ഇത്തരം ഇടപെടലുകൾ. കേരളത്തിലെ യുവാക്കളുടെ നൂതനമായ പല ആശയങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സാധ്യതകൾ നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചർച്ചയിൽ എൻ.പി. ഉല്ലേഖ് മോഡറേറ്ററായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















