കോഴിക്കോട്: എസ് വൈ എസ് സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിൽ മർകസ് ക്ഷേമകാര്യ വകുപ്പായ ആർ.സി.എഫ്.ഐ ആലത്തൂർ പുതുക്കോടിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു. എസ് വൈ എസ് ‘ജലമാണ് ജീവൻ’ സംസ്ഥാനതല ജലസംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ ജനങ്ങൾക്ക് സമർപിച്ചത്.
കുടിവെള്ളക്ഷാമം രൂക്ഷമായ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ‘തരിശ്’ പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിക്കുമെന്ന് എസ് വൈ എസ് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. മർകസ് ക്ഷേമകാര്യ വകുപ്പായ ആർ.സി.എഫ്.ഐ പദ്ധതിയുടെ നിർമാണം ഏറ്റെടുക്കുകയും നാൽപതിലധികം കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം 5 ലക്ഷം രൂപ ചെലവഴിച്ച് കിണറും പമ്പ് സെറ്റും തയ്യാറാക്കുകയും ചെയ്തു.
ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപിക്കുന്നത്. കൽപറ്റ, ഇരിക്കൂർ, എടവണ്ണപ്പാറ, മേപ്പാടി, കൊടുവള്ളി, പാലക്കാട് തെക്കേപ്പൊറ്റ, കുപ്പാടിത്തറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ് നാൽപത് മുതൽ അറുപത് കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം നിർമിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുമായി നൂറിലധികം കിണറുകളും ഈ വർഷം നൽകിയിട്ടുണ്ട്.