തിരുവനന്തപുരം: വ്യവസായ മേഖലകളിൽ പല കാര്യങ്ങളിലും ഇന്ത്യക്ക് മുൻപേ നടന്നിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പുസ്തകോത്സവത്തോടനുബന്ധിച്ച് കെഎൽഐബിഎഫ് ടോക്ക് സെഷനിൽ ‘വ്യവസായ കേരളവും സ്റ്റാർട്ടപ്പുകളും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് കമ്പനി 1973ൽ രൂപീകൃതമായ കെൽട്രോൺ ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യത്തെ കളർ ടെലിവിഷൻ നിർമ്മിക്കാൻ കേന്ദ്ര ഗവൺമെന്റ് കെൽട്രോണിനെയാണ് ചുമതലപ്പെടുത്തിയത്. ആദ്യത്തെ മെട്രോ കൊൽക്കത്തയിൽ വന്നപ്പോൾ അതിന്റെ ടിക്കറ്റിംഗ് സംവിധാനം വികസിപ്പിച്ചത് കെൽട്രോണാണ്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് നിലവിൽ വന്നത് കേരളത്തിലാണ്; ഇപ്പോഴും ഏറ്റവും വിപുലമായ സംവിധാനമായി അത് തുടരുന്നു. അതേചരിത്രം തന്നെയാണ് സ്റ്റാർട്ടപ്പ് മേഖലയിലും കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന്റെതന്നെ സവിശേഷ ശ്രദ്ധയാകർച്ചിട്ടുള്ള സംവിധാനങ്ങളിലൊന്നാണ് കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമായി തുടർച്ചയായി മൂന്നാം തവണയും അവാർഡ് ലഭിച്ചത് സംസ്ഥാനത്തിനാണ്. ഏഷ്യയിലെ മികച്ച സ്റ്റാർട്ടപ്പ് സംവിധാനവുമായും കേരളം തിരഞ്ഞെടുക്കപ്പെട്ടു. സാധാരണ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഗവേഷണ കേന്ദ്രങ്ങളുമൊക്കെയായി ബന്ധപ്പെട്ടുകൊണ്ടാണ് ഇക്യുബേറ്റേറ്ററുകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ടെക്നോപാർക്കിൽ ഒരു ഇൻക്യുബേഷൻ സംവിധാനം രണ്ടായിരത്തിൽ രൂപീകരിക്കപ്പെടുന്നത്. അതാണ് പിന്നീട് സ്റ്റാർട്ടപ്പ് മിഷനായി വികസിതമായതെന്ന് മന്ത്രി പറഞ്ഞു. ഈ സ്റ്റാർട്ടപ്പ് മിഷൻ ഇന്ന് ഐടി മേഖലയ്ക്കു പുറമെ പരമ്പരാഗത വ്യവസായം, എഞ്ചിനീയറിംഗ്, കൃഷി, ഭക്ഷ്യസംസ്കരണം തുടങ്ങി എല്ലാ മേഖലകളിലേയും സ്റ്റാർട്ടപ്പ് സംവിധാനങ്ങളെ ഉൾക്കൊള്ളുന്ന ഒന്നായി മാറി. കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിലും അതിനോടു ചേർന്നുള്ള മേക്കർ വില്ലേജിലും ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ ആശയം വരുന്ന സന്ദർഭത്തിൽ തന്നെ അതിനെ വികസിപ്പിച്ച് ചിറകു നൽകി ഉല്പന്നമാക്കി മാറ്റുന്നതിനുള്ള എല്ലാ പിന്തുണയും നൽകാൻ കഴിയുന്ന സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. എല്ലാ സർവകലാശാലകളിലും സ്റ്റാർട്ടപ്പ് മിഷന്റെയും കെഎസ്ഐഡിസിയുടെയും നേതൃത്വത്തിൽ ഇൻക്യുബേറ്ററുകൾ കൊണ്ടുവരാൻ സാധിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച വലിയ നേട്ടങ്ങളിലൊന്നാണ്. നൂറുകണക്കിന് കോളേജുകളിൽ സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ കൊണ്ടുവരാനും കേരളത്തിന് കഴിഞ്ഞു. തൊഴിലന്വേഷകരെ തൊഴിൽ സംരംഭകരായും തൊഴിൽ ദാതാക്കളായും മാറ്റിയെടുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നുള്ളത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
കോളേജുകളിലോ ഗവേഷണ സ്ഥാപനങ്ങളിലോ പുതിയൊരു സ്റ്റാർട്ടപ്പ് വികസിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റാർട്ടപ്പ് മിഷനകത്ത് ലഭ്യമാണ്. പുതിയ ആശയങ്ങളുമായി വരുന്നവർക്ക് സ്ഥലസൗകര്യം സ്റ്റാർട്ടപ്പ് മിഷൻ നൽകുന്നുണ്ട്. കൊച്ചി, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിൽ കെ.എസ്.ഐ.ഡി.സി. ഒരു ബിസിനസ് ഇൻക്യുബേഷൻ സൗകര്യവും ഒരുക്കിക്കൊടുക്കുന്നുണ്ട്.
കോളേജുകൾക്കകത്ത് സ്റ്റാർട്ടപ്പുകളും പുറത്ത് ബിസിനസ് ഇൻക്യുബേഷൻ സംവിധാനങ്ങളും സർവകലാശാലകളിലും കോളേജുകളിലും ഇൻക്യുബേഷൻ സിസ്റ്റവും തുടങ്ങി വലിയ രീതിയിലുള്ള പിന്തുണയാണ് സർക്കാർ നൽകുന്നത്. ഇത്തരത്തിലുള്ള ആശയങ്ങൾക്ക് കെ.എസ്.ഐ.ഡി.സി. 25 ലക്ഷം രൂപ വരെ സീഡ് മണി നൽകുന്നുണ്ട്. സ്റ്റാർട്ട്പ്പ് മിഷനും സാമ്പത്തിക പിന്തുണ നൽകുന്നു. സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ വികസിച്ച് മുന്നോട്ട് പോകുകയാണെങ്കിൽ സോഫ്റ്റ് ലോണുകൾ അവർക്കാവശ്യമുള്ള ഓഹരിയാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങളും സർക്കാർ നൽകുന്നതുമാണ്.
ചില സ്റ്റാർട്ടപ്പുകൾ കേരളം വിട്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അവർക്കാവശ്യമായ വൈദഗ്ധ്യമുള്ള ഹ്യൂമൻറിസോഴ്സ് ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി അവരുമായി നടത്തിയ ആശയവിനിമയത്തിൽ നിന്നും മനസിലായത്. ഇത് പരിഹരിക്കുന്നതിനുവേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റിയും അസാപ്പും അതിനാവശ്യമായ നൈപുണ്യ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ബ്ലോക്ക് ചെയിനിൽ 20000ത്തോളം പേരെ പരിശീലിപ്പിക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. ഈ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
4700 സ്റ്റാർട്ടപ്പുകൾ ഇപ്പോൾ കേരളത്തിൽ വന്നുകഴിഞ്ഞു. 64 ഇൻക്യുബേറ്ററുകളും 453 ഇന്നവേഷൻ കേന്ദ്രങ്ങളും 10 ലക്ഷം ചതുരശ്ര അടി തൊഴിലിടവും സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു. കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. ഫാബ് ലാബുകൾക്കാവശ്യവായ സാങ്കേതിക പിന്തുണ തുടങ്ങി നിരവധി കാര്യങ്ങൾ സർക്കാർ നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ കൂടി ഉന്നത വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ചെറുപ്പകാർക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങളാണ് കേരളത്തിൽ ആവശ്യം. അതുകൊണ്ടുതന്നെ ഇലക്ട്രോണിക്സ്, ഐ.ടി., റോബോട്ടിക്സ്, എ.ഐ. തുടങ്ങി 22 പുതിയ വ്യവസായ മേഖലകൾക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള വികസനങ്ങൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഇതിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും തൊഴിൽ തേടിപ്പോയവരെ തിരികെ കേരളത്തിലേക്ക് തിരികെ എത്തിക്കാനാകും – മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















